കടൽ കാണാൻ പോയ 
രണ്ട്‌ യുവാക്കളിൽ 
ഒരാളെ കാണാതായി



 കുമരകം കുമരകത്തുനിന്ന്‌ കടൽ കാണാൻ ആലപ്പുഴയിലേക്കുപോയ രണ്ടുയുവാക്കളിൽ ഒരാളെ കാട്ടൂർ കടൽത്തീരത്ത് കാണാതായി. കുമരകം നാലാംവാർഡ്  ആപ്പിത്തറ  പുത്തൻപുരയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ മകൻ അമലിനെ(സുനി–- -23)യാണ് കാണാതായത്..      ചൊവ്വാഴ്‌ചയാണ്‌ ഇരുവരും കടൽ കാണാൻപോയത്‌. കൂടെയുണ്ടായിരുന്ന കുമരകം 15–-ാം വാർഡ്‌ പുത്തൻപറമ്പിൽ കൊച്ചുമോന്റെ മകൻ ഉണ്ണിക്കുട്ടനെ നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കടലിലിറങ്ങി കുളിച്ചശേഷം കടൽത്തീരത്ത്‌ കിടന്ന് രണ്ടുപേരും ഉറങ്ങിയെന്നും ബുധനാഴ്‌ച പുലർച്ചെ ഉറക്കം ഉണർന്നപ്പാേൾ അമലിനെ കണ്ടില്ലെന്നുമാണ് ഉണ്ണിക്കുട്ടൻ മണ്ണഞ്ചേരി പൊലീസിനോട് പറഞ്ഞത്. ഉറങ്ങിയ സ്ഥലത്ത് അമലിന്റെ ഫോണും ചെരുപ്പുകളും ഇരിപ്പുണ്ടായിരുന്നു.       അമലിനായി തിരച്ചിൽ തുടരുകയാണ്‌.  ശക്തമായ കടൽക്ഷോഭവും, മഴയും തിരച്ചിലിന് തിരിച്ചടിയായതിനെത്തുടർന്ന് നേവി സംഘം ഹെലികോപ്ടറിൽ  തിരയുന്നുണ്ട്‌. കാണാതായ യുവാവിന്റെ വസ്ത്രങ്ങളും, ചെരുപ്പും കടൽക്കരയിൽ കണ്ടെത്തിയതിനാൽ  പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു.  പ്രദേശത്തെ കരിങ്കൽ കൂട്ടം തിരച്ചിലിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അമൽ പത്രവിതരണവും പെയിന്റിങ് ജോലിയും ചെയ്‌തുവരികയായിരുന്നു. ബംഗളൂരുവിൽ ജോലിചെയ്യുന്ന ഉണ്ണിക്കുട്ടൻ അവധിക്ക്‌ നാട്ടിൽവന്നതാണ്. Read on deshabhimani.com

Related News