വിനീതയ്ക്ക് ഇനി മഴയെ ഭയക്കാതെ പഠിക്കാം



  എരുമേലി വിനീതയ്‌ക്ക്‌ താൽക്കാലിക താമസ സൗകര്യം ഒരുക്കി സിപിഐ എമ്മും ഡിവൈഎഫ്‌ഐയും. ടാർപോളിൻ കൊണ്ടുമറച്ച ഷെഡിലായിരുന്നു   ആമക്കുന്ന് മുട്ടുറുമ്പിൽ വിനീതയും മാതാപിതാക്കളും കഴിഞ്ഞിരുന്നത്‌. യുകെജി വിദ്യാർഥിനിയായ വിനീതയ്‌ക്ക്‌ മഴ നനയാതെയും വെളിച്ചത്തിലും ഇരുന്ന്‌ പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ദുരവസ്ഥയറിഞ്ഞ സിപിഐ എം പ്രവർത്തകരാണ്‌ കുഞ്ഞിന്‌ പുതിയ വീട്‌ നിർമിക്കുന്നതുവരെ  താൽക്കാലികമായി ചോരാത്ത അടച്ചുറപ്പുള്ള ഷെഡ്‌ നിർമിച്ചുനൽകിയത്‌.  ഈ കുടുംബത്തിന്‌ ലൈഫ് പദ്ധതിപ്രകാരം പഞ്ചായത്തിൽനിന്നും വീട് അനുവദിച്ചിട്ടുണ്ട്‌. ഇതിന്റെ നിർമാണം വൈകാതെ തുടങ്ങും. തടിയിൽ ടിൻ ഷീറ്റുകളും പലകമറയും ഉറപ്പിച്ചാണ് ഒരുദിവസംകൊണ്ട് താൽക്കാലിക സംവിധാനം ഒരുക്കിയത്. നിർമാണപ്രവർത്തനങ്ങൾക്ക് സിപിഐ എം വാഴക്കാല ബ്രാഞ്ച് സെക്രട്ടറി വി പി വിജയൻ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷാനവാസ്, ടി പി  തൊമ്മി, പി കെ ബാബു, പ്രദീപ്, ഉമേഷ് നാഥ്, കെ എസ് അജിമോൻ, ഇസ്മായിൽ മാടത്താനിയിൽ, അനൂപ് അയ്യപ്പൻ തുടങ്ങിയവർ നേതൃത്വംനൽകി.  വിനീതയ്‌ക്ക്‌ വിവിധ സംഘടനകൾ മൊബൈൽ ഫോണും ടിവിയും ലഭ്യമാക്കിയെങ്കിലും പടുതകൊണ്ട് മറച്ച വീട്ടിൽ വൈദ്യുതി കണക്‌ഷൻ കൊടുക്കാനായിരുന്നില്ല. പുതിയ ഷെഡിൽ വൈദ്യുതി കണക്‌ഷൻ കൊടുക്കാമെന്ന്‌ കെഎസ്‌ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്‌. വയറിങ്‌ ഉൾപ്പെടെയുള്ള ജോലികൾ വൈദ്യുതി ജീവനക്കാർ സൗജന്യമായി ചെയ്തുകൊടുക്കുവാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News