എക്കലും ചെളിയും കേരള റബർ ലിമിറ്റഡ് ഏറ്റെടുക്കും

മീനച്ചിലാർ ചുങ്കം പാലത്തിൽ നിന്നുള്ള ദൃശ്യം


കോട്ടയം നദീപുനരുജ്ജീവനത്തിന്‌ വീണ്ടും കോട്ടയത്ത് പുതിയ മാതൃക തെളിയുന്നു. മീനച്ചിലാറ്റിലെ എക്കലും ചെളിയും വെള്ളൂരിലെ റബർ പാർക്കിനാവശ്യമായ ഭൂമി വികസിപ്പിക്കാൻ കേരള റബർ ലിമിറ്റഡ്(കെആർഎൽ) ഏറ്റെടുക്കും.  മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ്‌ സംഭരിച്ച് കൂട്ടിയ ചെളിയും മണ്ണും നീക്കം ചെയ്യാൻ ഉത്തരവായത്. മീനച്ചിലാർ –-- മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പ്രളയരഹിത കോട്ടയം പദ്ധതിയിലാണ്‌ വിവിധയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കലും മണലും നീക്കം ചെയ്യുന്നത്. കിലോമീറ്ററുകൾ നീളത്തിൽ കിടക്കുന്ന തുരുത്തുകളാണ്‌ ഇപ്രകാരം നീക്കം ചെയ്യുക. കേരള സർക്കാർ ഏറ്റെടുത്ത വെള്ളൂർ എച്ച്‌എൻഎൽ ഭൂമിയിലെ റബർ പാർക്കിൽ ഫാക്ടറികൾ ആരംഭിക്കന്നവർക്ക് ഭൂമി വികസിപ്പിച്ചു നൽകാൻ ഇത്‌ ഉപയോഗിക്കാനാണ്‌ പദ്ധതി.  നദിയിലെ തുരുത്തുകൾ നീക്കം ചെയ്യുന്നതിനെതിരെ ചില സംഘടനകൾ ഗ്രീൻ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അന്തിമ വിധിയിൽ നദിയിലെ തുരുത്തുകൾ നീക്കി സർക്കാർ സ്ഥലത്ത് സംഭരിക്കാൻ ട്രിബൂണൽ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മേജർ ഇറിഗേഷൻ മുൻകൈ എടുത്ത് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന രീതിയിൽ കോട്ടയത്ത് തുടക്കമിടുന്ന പരിപാടി മറ്റ്‌ നദികളിലും പ്രാവർത്തികമാകും. ഇതിനായി നടപടി സ്വീകരിച്ച  മന്ത്രി റോഷി അഗസ്റ്റിനെയും ജലവിഭവ വകുപ്പ് മേജർ വിഭാഗത്തെയും നദീ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ അഭിനന്ദിച്ചു. Read on deshabhimani.com

Related News