അവസരോചിത ഇടപെടലിൽ പായിപ്പാട്‌ ശാന്തം



 കോട്ടയം പായിപ്പാട്‌ അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്‌ നീങ്ങാതെ പരിഹരിച്ചത് ജില്ലാ ഭരണകേന്ദ്രത്തിന്റെയും പൊലീസിന്റെയും അവസരോചിത ഇടപെടൽ. കരുതൽ ശേഖരമായി 1000 കിലോ അരിയും 300 കിലോ പയറും പഞ്ചായത്തിൽ ഉള്ളപ്പോഴാണ്‌ ഭക്ഷണത്തിനുവേണ്ടി പ്രതിഷേധം എന്ന പ്രചാരണം.  പായിപ്പാട്ടും സമീപ മേഖലകളിലും പത്തനംതിട്ട ജില്ലയുടെ അതിർത്തി മേഖലകളിൽ നിന്നുമുള്ള തൊഴിലാളികൾ ഞായറാഴ്‌ച  ഉച്ചയോടെയാണ് പായിപ്പാട് കവലയിൽ സംഘമായെത്തി പ്രതിഷേധിച്ചത്‌. ഭക്ഷണം ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ തെരുവിലിറങ്ങിയതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കലക്ടർ പി കെ സുധീർബാബു പറഞ്ഞു. ലോക്ക്‌ ഡൗൺ ആരംഭിച്ചതുമുതൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക പരിഗണന നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ദിവസം കലക്ടർ ക്യാമ്പുകൾ സന്ദർശിച്ച്‌ തൊഴിലാളികൾക്ക് ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന് ഉറപ്പാക്കിയിരുന്നു. ഇതിനു പുറമെ  തഹസിൽദാരും ജില്ലാ ലേബർ ഓഫീസറും ഉൾപ്പെടെയുള്ളവർ തുടർച്ചയായി ക്യാമ്പുകളിലെ സ്ഥിതിഗതി വിലയിരുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന്‌ ആദ്യം സ്ഥലത്തെത്തിയ തഹസിൽദാർ ജിനു പുന്നൂസിനോടും മറ്റ് ഉദ്യോഗസ്ഥരോടും നാട്ടിൽപോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിച്ചത്. ഇത് സാധ്യമല്ലെന്ന് അറിയിച്ചെങ്കിലും തൊഴിലാളികൾ പ്രതിഷേധം തുടർന്നു.    കലക്ടർ പി കെ സുധീർ ബാബുവും ജില്ലാ  പൊലീസ് മേധാവി ജി  ജയദേവും സ്ഥലത്തെത്തി തൊഴിലാളികളോട് സംസാരിച്ചു. ഇതേത്തുടർന്ന് തൊഴിലാളികൾ താമസസ്ഥലങ്ങളിലേക്ക് മടങ്ങി.  വൈകിട്ട്‌  കലക്ടറും ജില്ലാ പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും  തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു.  കെട്ടിട ഉടമയെ വിളിച്ചുവരുത്തി ഏപ്രിൽ 14 വരെ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കണമെന്ന് കർശന നിർദേശം നൽകി. പായിപ്പാട് മേഖലയിലെ 250ഓളം ലേബർ ക്യാമ്പുകളിൽ 90 എണ്ണം മാത്രമാണ്‌ അംഗീകൃതം.     Read on deshabhimani.com

Related News