ഇവിടെയുമുണ്ടൊരു സന്നിധാനം

ശബരിമല ക്ഷേത്രത്തിന്റെ മിനിയേച്ചർ മാതൃകയ്ക്കുസമീപം സന്തോഷ്


  ഏറ്റുമാനൂർ മലകൾക്കിടയിൽ മഞ്ഞിൽപുതഞ്ഞ ശബരിമല ക്ഷേത്രസന്നിധാനത്തിന്റെ മനം കുളിർപ്പിക്കുന്ന ദൃശ്യഭംഗി മിനിയേച്ചർ മാതൃകയിൽ നിർമിച്ച് വൈറലാവുകയാണ് സന്തോഷ്‌. പേരൂർ കരിയാറ്റപ്പുഴ സന്തോഷിന്റെ മിനിയേച്ചർ മാതൃക സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ആറുമാസം കൊണ്ടാണ് മാതൃക നിർമിച്ചത്. ക്ഷേത്രനിർമാണം വിവരിക്കുന്ന വീഡിയോ സ്വന്തം ചാനലായ ‘സന്തോഷ് പേരൂർ ക്രിയേഷൻസ്’ എന്ന യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പ്രേക്ഷകരെയും ചാനലിന് ലഭിച്ചിട്ടുണ്ട്. സന്നിധാനം മാത്രമല്ല കാഴ്ചയിൽ കൗതുകമാവുന്നതെന്തും മിനിയേച്ചർ മാതൃകയാക്കാൻ സന്തോഷിന് കഴിയും. ഫോം ഷീറ്റ് കൊണ്ടാണ് മാതൃകകൾ നിർമിക്കുന്നത്. ഒരു വർഷം നീണ്ട പ്രയത്നത്തിനൊടുവിൽ തീർത്ത ശബരി എക്സ്പ്രസിന്റെ  മാതൃക സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കെഎസ്ആർടിസി ബസ്, പുലിമുരുകൻ സിനിമയിലെ മയിൽവാഹനം ലോറി, ഹൗസ്ബോട്ട്, വിമാനം, പൊലീസ് വാഹനം, വാഴക്കുല, വീണ, ഡബിൾഡക്കർ ബസ്, ഓട്ടോ, എകെ 47 തോക്ക് തുടങ്ങിയവയുടെ മാതൃകയും സന്തോഷ് ഒരുക്കി. ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ ഗാനം ആലപിച്ച് താജ്മഹലിന്റെ  മാതൃക ഉണ്ടാക്കിയത് ശ്രദ്ധേയമായി. ഏറ്റുമാനൂരിൽ സ്റ്റിക്കർ കട്ടിങ് ഷോപ്പ് നടത്തുകയാണ് സന്തോഷ്. കുട്ടിക്കാലംമുതൽ പെയിന്റിങ്ങിൽ അഭിരുചിയുണ്ടായിരുന്നു. കോട്ടയം കെജിസി ഫൈൻ ആർട്സിൽ പഠനം പൂർത്തിയാക്കി. മിനിയേച്ചർ മാതൃകകളും ചിത്രപ്രദർശനവും ഉൾക്കൊള്ളിച്ച് വിവിധ ഇടങ്ങളിലായി  എക്സിബിഷൻ നടത്തിയിട്ടുണ്ട്. പെയിന്റിങ്ങിൽ നിരവധി അവാർഡുകൾ നേടി. ഓൾ കേരള ശങ്കേഴ്സ് കാർട്ടൂൺ മത്സരത്തിൽ ഒന്നാമനായി. ഓൾ കേരള കാർട്ടൂൺ കോൺടെസ്റ്റ് 95 സംസ്ഥാന ജേതാവ്, കേരളോത്സവം 2009 ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്‌.     Read on deshabhimani.com

Related News