അറസ്‌റ്റിലായവരുടെ 
വീടുകളിൽ പരിശോധന



കോട്ടയം നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യക്കെതിരെ ജില്ലയിൽ പൊലീസ്‌ നടപടി കർശനമാക്കി. ഹർത്താലിൽ അക്രമം നടത്തിയതിന്‌ അറസ്‌റ്റിലായവരുടെ വീടുകളിൽ പൊലീസ്‌ പരിശോധന നടത്തി. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന. പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തനം ഒരിടത്തും നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാനുള്ള നടപടികളാണ്‌ പൊലീസ്‌ എടുക്കുന്നത്‌. ജില്ലയിലെ മുഴുവൻ പോപ്പുലർ ഫ്രണ്ട്‌ ഓഫീസുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇവിടങ്ങളിൽ പൊലീസ്‌ നിരീക്ഷണം ഏർപ്പെടുത്തി. പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ പൊലീസിനെ രാത്രിയും പകലും വിന്യസിച്ചിട്ടുണ്ട്‌. പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പൊലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഈരാറ്റുപേട്ട, സംക്രാന്തി, കുമ്മനം, മുണ്ടക്കയം, പെരുവന്താനം, ഇടക്കുന്നം തുടങ്ങി പിഎഫ്‌ഐയുടെ പ്രവർത്തനം ശക്തമായിരുന്ന പ്രദേശങ്ങളിൽ പൊലീസ്‌ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്‌. ഈരാറ്റുപേട്ടയിൽനിന്ന്‌ നഗരസഭാ കൗൺസിലറടക്കം മൂന്നുപേരെ എൻഐഎ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവർ നിലവിൽ കാക്കനാട്‌ സബ്‌ജയിലിൽ റിമാൻഡിലാണ്‌. ബസിന്‌ കല്ലെറിഞ്ഞതും കടകൾ തല്ലിത്തകർത്തതുമായി ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമങ്ങളിൽ 390 പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവരുടെയെല്ലാം വീടുകളിൽ പരിശോധന നടന്നുവരികയാണ്‌. പോപ്പുലർ ഫ്രണ്ടിന്റെ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളടക്കം നിരീക്ഷണത്തിലാണ്‌. Read on deshabhimani.com

Related News