കഥയല്ലിനി കാളവണ്ടിക്കാര്യം

പി ഡി ജോസഫ് കാളവണ്ടിയുമായി


 സ്വന്തം ലേഖകൻ ചങ്ങനാശേരി കാളവണ്ടിക്കാലം സ്‌മരണയാവില്ല, പുതുമോടിയിൽ ആ ചക്രങ്ങൾ ഇത്തിത്താനത്ത്‌ ഇനിയും ഉരുളും. പ്രതിസന്ധികാലത്ത്‌ കാളവണ്ടിക്ക്‌ പറയാനുള്ളതും അതിജീവനത്തിന്റെ കഥയാണ്‌. ചങ്ങനാശേരി ചന്തയിൽനിന്ന്‌ ഇത്തിത്താനത്തെ പലചരക്ക് കടകളിലേക്ക് സാധനങ്ങളുമായിപോയിരുന്ന കാളവണ്ടികൾക്കും വിലങ്ങായത്‌ കോവിഡായിരുന്നു. പുല്ലാനിപ്പറമ്പിൽ പി ഡി ജോസഫ് എന്ന കുട്ടപ്പൻ കാളവണ്ടി സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചതങ്ങനെയാണ്‌.  ഒരുവർഷംമുമ്പ്‌ കാളകളെയും വിറ്റു. ന്യായവിലയ്‌ക്ക്‌ കാളവണ്ടിയും വിറ്റ് പൈതൃകമായുള്ള തൊഴിൽ അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മകൻ ജോയ്‌സ് മുന്നിട്ടിറങ്ങിയതോടെ കഥമാറി. ജില്ലയിലെ അവശേഷിക്കുന്ന ഒരേയൊരു കാളവണ്ടിക്ക് പുതുജീവനുമായി. ഏഴരപതിറ്റാണ്ടായി ഇവർ കാളവണ്ടി സർവീസ് നടത്തുന്നു. കുട്ടപ്പന്റെ അച്ഛൻ പാപ്പൻ എന്ന ദാവീദിലൂടെയായിരുന്നു തുടക്കം. ചന്തയിൽനിന്ന്‌ കടകളിലേക്ക് സാധനങ്ങൾ എത്തിച്ചായിരുന്നു കുട്ടപ്പൻ കാളവണ്ടി നിലനിർത്തിയിരുന്നത്. കാളകളെ തീറ്റിപ്പോറ്റാൻ ദിവസം നല്ലതുക ചെലവുവരും. മണിക്കൂറുകളോളം അവയ്ക്കായി ചെലവഴിക്കണം. പാലക്കാട്ടുനിന്ന്‌ ആളെ വരുത്തിയാണ് വണ്ടിപണിയിക്കുന്നത്. കോവിഡ് എല്ലാം തകിടം മറിച്ചതോടെയാണ്‌ സേവനം അവസാനിപ്പിക്കാൻ കുട്ടപ്പൻ തീരുമാനിച്ചത്. എന്നാൽ പൈതൃകസ്വത്ത്‌ കൈവിട്ട്‌ പോകുന്നതിലെ അച്ഛന്റെ വേദന തിരിച്ചറിഞ്ഞ മകനാണ്‌ പുതുവഴി തേടിയതും അതിജീവനം ഗംഭീരമാക്കിയതും. ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌ ജീവനക്കാരനായ ജോയ്‌സ്‌ കഴിഞ്ഞമാസം തൊടുപുഴയിൽനിന്ന്‌ വെള്ളനിറത്തിലുള്ള രണ്ട്‌ കാളക്കുട്ടന്മാരെ വാങ്ങി. പാലക്കാട്ട് ഓട്ടമത്സരങ്ങളിൽ പങ്കെടുത്തിരുന്ന മൂന്നുവയസുള്ള കാളകളെ പരിശീലനംനൽകി ഇണക്കി. റേഷൻകടയിലെ ജീവനക്കാരനായ അപ്പനുപകരം ഇപ്പോൾ ജോയ്‌സാണ് വണ്ടിയോടിക്കാൻ പോകുന്നത്. ചെറിയ മാറ്റമുണ്ടെന്ന്‌മാത്രം ഇത്തിത്താനത്ത്‌ മാത്രമല്ല സിനിമ, സീരിയൽ, ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, ആൽബം, വിവാഹം തുടങ്ങിയയിടങ്ങളിലൊക്കെ വണ്ടിയിന്ന്‌ നിറസാന്നിധ്യമാണ്‌. മലയാള സിനിമകളിലും ബോളിവുഡ് താരം റാണിമുഖർജി അഭിനയിച്ച പരസ്യചിത്രത്തിലും വണ്ടി കഥാപാത്രമായി. വണ്ടിയും വലിച്ച്‌ നാല് സെക്കൻഡിൽ 100 മീറ്റർ വേഗത്തിൽ ഓടാൻ ഈ കാളകൾക്ക് കഴിയുമെന്ന് ജോയ്‌സ് പറയുന്നു. കോവിഡാനന്തരം ടൂറിസം രംഗത്ത് തങ്ങളുടെ കാളവണ്ടിയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ. Read on deshabhimani.com

Related News