ചൂളംവിളിച്ച്‌ ചരിത്രയാത്ര

ചിങ്ങവനം–കോട്ടയം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ അവസാനഘട്ട മിനുക്ക്‌ പണികൾ നടക്കുന്നു. റബർ ബോർഡ് തുരങ്കത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം


കോട്ടയം  കോട്ടയം റെയിൽവേയുടെ സുവർണദിനമാണ്‌ ഞായറാഴ്‌ച. രാത്രി 8.10ന്‌ ചെന്നൈ സൂപ്പർ എക്‌സ്‌പ്രസ്‌ രണ്ടാം പാതയിലൂടെ ചൂളംവിളിച്ച്‌ ചരിത്രയാത്ര നടത്തും. അതോടെ ഇരട്ടപ്പാത കമീഷനിങ്‌ പൂർത്തിയാകും. ദീർഘനാളത്തെ ട്രെയിൻ യാത്രക്കാരുടെ ചിരകാല അഭിലാഷം പൂവണിയുന്ന ചരിത്രദിനം.  അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ ഇരട്ടപ്പാത യാഥാർഥ്യമാകുന്നത്‌. പാത ഞായറാഴ്‌ച വൈകുന്നേരം പൂർത്തിയാകും. ഇനിമുതൽ ഏറ്റുമാനൂരും കോട്ടയത്തും ചിങ്ങവനത്തും പ്രധാന വണ്ടിക്ക്‌ കടന്നുപോകാൻ ട്രെയിൻ ‘പിടിച്ചിടൽ’ ഉണ്ടാകില്ല. തിരുവനന്തപുരം ജങ്‌ഷൻമുതൽ മംഗലാപുരംവരെ 633 കിലോമീറ്റർ  ഇരട്ടപ്പാത പൂർത്തിയാകുന്നതോടെ ഇറങ്ങേണ്ട സ്‌റ്റേഷന്‌ തൊട്ടരികിലെ സ്‌റ്റേഷനിൽ 10 മുതൽ 20 മിനിട്ട്‌ വരെയുള്ള പിടിച്ചിടൽ ഒഴിവാകും.      പാറോലിക്കലിൽ കട്ട്‌ ആൻഡ്‌ കണക്‌ഷൻ ഇന്ന്‌  ഏറ്റുമാനൂർ  –- ചിങ്ങവനം  ഇരട്ടപ്പാതയുടെ അന്തിമ ജോലിയായ കട്ട്‌ ആൻഡ്‌ കണക്‌ഷൻ രാവിലെ മുതൽ പാറോലിക്കലിൽ തുടങ്ങും. കുറുപ്പന്തറയിൽനിന്ന്‌ എത്തിയ രണ്ടാം പാതയും ചിങ്ങവനത്ത്‌ നിന്ന്‌ എത്തിയ ലൈനും തമ്മിൽ യോജിപ്പിക്കുന്ന ജോലിയാണ്‌ കട്ട്‌ ആൻഡ്‌ കണക്‌ഷൻ. അത്‌ പൂർത്തിയായാൽ ഇരട്ടപ്പാതയും സമ്പൂർണമാകും. ഇതിന്‌ പുറമെ സിഗ്‌നൽ, ട്രാക്ക്‌, വൈദ്യുതി വിതരണം, മേൽപ്പാലങ്ങൾ തുടങ്ങിയ എല്ലാ ജോലികളുടെയും അവസാന മിനുക്കുപണികളും പൂർത്തിയാക്കി വൈകിട്ട്‌ അഞ്ചിന്‌ ഇരട്ടപ്പാത  തയ്യാറാകും. Read on deshabhimani.com

Related News