ചര്‍മമുഴ– നഷ്ടപരിഹാരം നല്‍കും: 
മന്ത്രി ചിഞ്ചുറാണി



തലയോലപ്പറമ്പ്‌ ചർമമുഴ ബാധിച്ച് ചത്ത പശുക്കളുടെ ഉടമകൾക്ക്‌ ധനസഹായം അനുവദിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ നൂതനമായ സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷക്ക്‌ മികച്ച സംഭാവനകൾ നൽകിയ കർഷകർക്കുള്ള പുരസ്‌കാര വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്കാണ് ധനസഹായം അനുവദിക്കുന്നത്. ചർമമുഴ ബാധിച്ച് ചത്ത വലിയ പശുവിന് 30,000 രൂപയും  കിടാരി പശുവിന് 16,000 രൂപയും കന്നുക്കുട്ടിക്ക് 5,000 രൂപയും നൽകും. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഗുണനിലവാരമേറിയ കാലിത്തീറ്റ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.   മികച്ച മൃഗക്ഷേമ പ്രവർത്തകനുള്ള അവാർഡ് വിതരണം, ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാര വിതരണം, ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി കെ ആശ എംഎൽഎ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, പഞ്ചായത്തംഗം കെ പി ഷാനോ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശ്ശേരി, കോട്ടയം ചീഫ് വെറ്ററിനറി ഓഫീസർ പി കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രീയ കന്നുകുട്ടി പരിപാലനം പ്രായോഗിക അറിവുകൾ, പശുക്കളുടെ വേനൽക്കാല പരിചരണം എന്നീ വിഷയത്തിൽ സെമിനാർ നടന്നു. Read on deshabhimani.com

Related News