കറക്കം വേണ്ട; മുകളിൽ ആളുണ്ട്‌



 കോട്ടയം കോവിഡ്‌ 19ന്റെ പശ്ചാത്തതലത്തിൽ നാടിന്റെ സുരക്ഷയ്‌ക്ക്‌ ആകാശക്കണ്ണുകളൊരുങ്ങി. ക്യാമറ ഘടിപ്പിച്ച ചെറു ഡ്രോണുകൾ പൊലീസ്‌ സ്‌റ്റേഷനുകളിൽ എത്തിച്ചു. ലോക്ക്‌ ഡൗൺ ലംഘിച്ച്‌ ആളുകൾ പുറത്തിറങ്ങുന്നതു കണ്ടെത്താനും ക്രമസമാധാന പരിശോധനയ്‌ക്കും ഇവ ഉപയോഗിക്കും.   ഡ്രോൺ കമ്പനികൾ സൗജന്യമായാണ്‌ സേവനം ലഭ്യമാക്കിയിരിക്കുന്നത്‌. ജില്ലയിൽ പത്തെണ്ണം ശനിയാഴ്‌ച എത്തി. പ്രധാന സ്‌റ്റേഷനുകൾക്ക്‌ ഇവ കൈമാറും. ഒരു ഡ്രോണിന്‌ രണ്ടര കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്താനാകും. നൂറു കിലോമീറ്റർ സ്‌പീഡിൽ വരെ സഞ്ചരിക്കും. അതത്‌ പൊലീസ്‌ സ്‌റ്റേഷനുകളിലിരുന്നാണ്‌ നിയന്ത്രണം. ദൃശ്യങ്ങൾ സ്‌റ്റേഷനിലിരുന്ന്‌ കാണാം. ക്വാറന്റയിനിലുള്ളവർ കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ സമയം ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ ആലോചനയുണ്ട്‌.    നാഗമ്പടത്ത്‌ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപം ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവിന്റെ സാന്നിധ്യത്തിൽ ഡ്രോണുകൾ പരീക്ഷണപ്പറക്കൽ നടത്തി. കോട്ടയം ഡിവൈഎസ്‌പി ആർ ശ്രീകുമാർ, ഡിസിആർബി ഡിവൈഎസ്‌പി കെ സുഭാഷ്‌, കോട്ടയം ഈസ്‌റ്റ്‌ സിഐ നിർമൽ ബോസ്‌ എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News