ജില്ലാപഞ്ചായത്തംഗത്തിനെതിരെ കൊലവിളി; 
ബിജെപി വാർഡംഗത്തിനെതിരെ കേസ്‌



വൈക്കം തലയാഴം പഞ്ചായത്തിലെ  ആലത്തൂർ - കണ്ടംതുരുത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ  ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ വാർഡ്‌ മെമ്പറുടെ കൊലവിളിയും അസഭ്യവർഷവും. സംഭവത്തിൽ ബിജെപിയുടെ വാർഡംഗത്തിനെതിരെ പൊലീസ് കേസെടുത്തു. തലയാഴം ഡിവിഷൻ അംഗം ഹൈമി ബോബിയൊട്‌ മോശമായി പെരുമാറിയതിന്‌ പഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ എസ് പ്രീജുവിനെതിരെയാണ് നടപടി.    ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമാണം നടക്കുന്നതിനാൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ ഹൈമി  പ്രവർത്തനം വിലയിരുത്തുന്നതിനാണ്‌ സ്ഥലത്തെത്തുന്നത്. ഇവിടെയെത്തിയ  വാർഡ്  മെമ്പർ പ്രീജു ഇവരെ തടഞ്ഞുവയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.  റോഡ്‌നിർമാണം ഉൾപ്പെടെ തന്റെ സ്വന്തം നിലക്കുള്ള പ്രവർത്തനമാണെന്ന്  പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രീജു പലപ്പോഴും ശ്രമിച്ചിരുന്നു. ഇത്‌ സമൂഹം തിരിച്ചറിയുമെന്ന് ഭയന്നാണ് ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ  അകറ്റി നിർത്താൻ ശ്രമം നടത്തിയത്.   വെല്ലുവിളികൾക്ക് കീഴടങ്ങാൻ തയ്യാറല്ലെന്നും നാടിന്റെ സമഗ്രവികസനത്തിനായി നിർഭയം മുന്നോട്ട് പോകുമെന്നും ഹൈമി   പറഞ്ഞു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ഹൈമി പരാതി നൽകിയതിനെ തുടർന്ന് ബിജെപി അംഗത്തിനെതിരെ വൈക്കം  പൊലീസ് കേസെടുത്തു. ജനപ്രതിനിധികളോട് പോലും  അപമര്യാദയായി പെരുമാറുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ  ഒറ്റപ്പെടുത്തണമെന്ന് സിപിഐ എം വൈക്കം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News