രക്ഷിതാക്കൾക്ക്‌ അൽപം ‘ജീവിത ക്വിസ്‌ '



കോട്ടയം ""ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചവരുണ്ട്‌. പലരും, പലവട്ടം...’’ അവതാരകൻ ഇത്രയും പറഞ്ഞപ്പോഴേ രക്ഷിതാക്കളുടെ മനസിൽ വടക്കൻ വീരഗാഥയിലെ ആ രംഗം തെളിഞ്ഞു. ""ഞാനിപ്പോൾ പറഞ്ഞ ഡയലോഗിൽ സിനിമയിലില്ലാത്ത ഒരു വാക്ക്‌ അധികം ചേർത്തിട്ടുണ്ട്‌. അത്‌ കണ്ടുപിടിക്കുന്നവർക്ക്‌ സമ്മാനം''. രക്ഷിതാക്കൾ തലപുകച്ച്‌ ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. ഒടുവിൽ ഒരാൾ ആ ഉത്തരം പറഞ്ഞു –- യഥാർഥ ഡയലോഗിൽ "മക്കളേ' എന്ന്‌ പറയുന്നില്ല. അത്‌ പിന്നീട്‌ മിമിക്രിയിലൂടെയും മറ്റും ആ സംഭാഷണത്തിന്റെ ഭാഗമായി തെറ്റിദ്ധരിക്കപ്പെട്ടു പോയതാണ്‌.   പറഞ്ഞും കേട്ടും നമ്മൾ മനസിലാക്കി വെയ്‌ക്കുന്ന പലതും പൂർണമായി ശരിയല്ല എന്ന്‌ ബോധ്യപ്പെടുത്താൻ അവതാരകനായ ഷെറഫ്‌ പി ഹംസ പറഞ്ഞ ഉദാഹരണമായിരുന്നു ഇത്‌. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ മത്സരാർഥികളുടെ രക്ഷിതാക്കൾക്ക്‌ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചത്‌. സമൂഹത്തിൽ നമ്മൾ പോലുമറിയാതെ വർഗീയതയും ജാതീയതയും കലരുന്നുണ്ട്‌. അത്‌ തിരിച്ചറിയണമെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. അർധസത്യങ്ങൾ മനസിനെ മലിനമാക്കാൻ അനുവദിക്കരുത്‌. അവ പ്രചരിപ്പിക്കുന്നത്‌ ചില നിക്ഷിപ്‌ത താൽപര്യക്കാരുടെ തന്ത്രം മാത്രമാണ്‌.   കുട്ടികളോടും കുട്ടികളുടെ മുമ്പിലും പെരുമാറേണ്ട രീതി, കുട്ടികളെ മനസിലാക്കേണ്ട വിധം എന്നിവയെല്ലാം സംബന്ധിച്ച്‌  ശ്രദ്ധേയമായ ക്ലാസായിരുന്നു ഷെറഫിന്റേത്‌. Read on deshabhimani.com

Related News