നെല്ല്‌ സംഭരണം:
തുക വിതരണം തുടങ്ങി



  കോട്ടയം മാർച്ച് 28ന് ശേഷം കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില വിതരണം ആരംഭിച്ചു. കനറാ ബാങ്കിൽനിന്നുള്ള പണം കർഷകരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങി. കുടിശിക വിതരണത്തിന്‌ കനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യവുമായി സപ്ലൈകോ ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച്‌ കനറാ ബാങ്ക്‌ 23 മുതൽ കർഷകരിൽനിന്ന്‌ പിആർഎസ്‌(നെല്ല്‌ സംഭരിക്കുമ്പോൾ സെപ്ലൈകോ കർഷകന്‌ നൽകുന്ന രേഖ) സ്വീകരിച്ചു തുടങ്ങിയിരുന്നു.  കനറാ ബാങ്കിനെക്കാൾ ഉയർന്ന പലിശ ആവശ്യപ്പെട്ട ഫെഡറൽ ബാങ്കും എസ്ബിഐയുമായി ധനകാര്യ സെക്രട്ടറി ചർച്ച നടത്തി ധാരണയിലായി. വൈകാതെ ഈ ബാങ്കുകളിൽനിന്ന്‌ കർഷകർക്ക്‌ പണം നൽകും. മറ്റ്‌ ബാങ്കുകളിൽ അക്കൗണ്ടുള്ള കർഷകരുടെ ലിസ്‌റ്റ്‌ സപ്ലൈകോ ഈ മൂന്നു ബാങ്കുകൾക്കുമായി കൈമാറിയിട്ടുണ്ട്‌.      ജില്ലയിൽ നൽകേണ്ടത്‌ 
90.41 കോടി സംസ്ഥാനത്ത് 800 കോടിയിലേറെ രൂപയാണ് വിതരണം ചെയ്യാനുള്ളത്. മാർച്ച് 26 വരെ സംഭരിച്ച നെല്ലിന്റെ വില പൂർണമായും കർഷകർക്ക്‌ നൽകിയിരുന്നു. കോട്ടയം ജില്ലയിൽ ഈ സീസണിൽ സംഭരിച്ച നെല്ലിന്‌ 131.19 കോടി രൂപയാണ്‌ നൽകാനുണ്ടായിരുന്നത്‌. 40.78 കോടി രൂപ നൽകി. ബാക്കിയുള്ള 90.41 കോടി വിതരണമാണ്‌ ആരംഭിച്ചത്‌. 12,502 ഹെക്ടറിൽ നിന്നായിരുന്നു രണ്ടാം സീസണിലെ നെല്ലുസംഭരണം. 12,362 കർഷകരിൽനിന്നായി 46,326 ടൺ നെല്ലാണ് സംഭരിച്ചത്.  ഉയർന്ന വില നൽകുന്നത്‌ കേരളം കേരളത്തിൽ 28.32 രൂപയ്‌ക്കാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. രാജ്യത്തെ ഏറ്റവും ഉയർന്ന സംഭരണ വിലയാണിത്‌. ഒരു കിലോ നെല്ല്‌ സംഭരിക്കാൻ 19.40 രൂപയാണ്‌ കേന്ദ്രം നൽകുന്നത്‌. കേരളം പ്രോത്സാഹന ബോണസായി 8.80 രൂപയും 12 പൈസ വീതം കൈകാര്യച്ചെലവും  നൽകുന്നു. തമിഴ്‌നാട്‌ സർക്കാർ ഗ്രേഡ്‌ എയ്‌ക്ക്‌(വടിയരി) ഒരു രൂപയും പൊതുവിഭാഗത്തിന്‌ (ഉണ്ടയരി) 75 പൈസയുമാണ്‌ കർഷകർക്ക്‌ പ്രോത്സാഹന ബോണസ്‌ നൽകുന്നത്‌. കർണാടകയും ആന്ധ്രയും ഒരു പൈസയും നൽകുന്നില്ല.     Read on deshabhimani.com

Related News