നായാട്ട് 
സംഭവിക്കുകയായിരുന്നു; അവാര്‍ഡും



ആലപ്പുഴ ‘നായാട്ട് സംഭവിക്കുകയായിരുന്നു, അവാർഡ് കിട്ടിയതിൽ‌ ഏറെ സന്തോഷം’ ആലപ്പുഴ സീവ്യൂ വാർഡ് കന്നിട്ടയിൽ ഷാഹി കബീർ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്‌, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ നായാട്ടിന്റെ കഥയൊരുക്കിയതിനാണ് സംസ്ഥാന പുരസ‍്കാരം തേടിയെത്തിയത്. നായാട്ട് അവാർഡിന്‌ പരിഗണിക്കുന്നത്‌ അറിഞ്ഞപ്പോൾ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഷാഹി ഓർക്കുന്നു.  ആദ്യമായി സംവിധാനംചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാഹി. സംവിധായക കുപ്പായമണിഞ്ഞ സമയത്താണ് പുരസ്‍കാരം. സുഹൃത്തുക്കളായ ജി നിതീഷും, ഷാജി മാറാടുമാണ് ഇലവീഴാപൂഞ്ചിറ എഴുതുന്നത്. ഇരുവരും പൊലീസുകാരാണ്. സൗബിനാണ് പ്രധാനവേഷത്തിൽ.  നായാട്ടിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ വിളിച്ച് അഭിനന്ദിച്ചു. നായാട്ട് ടീം ആകെ സന്തോഷത്തിലാണ്. ഷാഹി പറഞ്ഞു. നായാട്ടിന് മുമ്പ് ജോസഫ് എന്ന ചിത്രത്തിനും തിരക്കഥയെഴുതി. കോട്ടയം കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനായ ഷാഹി സിനിമയ്‍ക്കായി അവധിയെടുത്തിരിക്കുകയാണ്. ഭാര്യ: സബീന. മക്കൾ: ഫഹീം, ഫഹ്‍മ. കോട്ടയം ബസേലിയസ്‌ കോളേജിൽ ബിരുദവിദ്യാർഥിയായിരിക്കെ ഷാഹി എസ്‌എഫ്‌ഐയിലും സജീവപ്രവർത്തകനായിരുന്നു. Read on deshabhimani.com

Related News