ഇന്നുകിട്ടും പുത്തനുടുപ്പും പുസ്തകവും



കോട്ടയം പരീക്ഷ തീർന്ന്‌ സ്‌കൂൾ അടയ്‌ക്കും മുമ്പേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും എത്തി. പുത്തനുടുപ്പിനുള്ള തുണിയും വരുംവർഷത്തെ പുസ്‌തകങ്ങളും സൗജന്യമായി ചൊവ്വാഴ്‌ച മുതൽ കുരുന്നുകളുടെ കൈകളിലെത്തും. ക്രിസ്‌മസ്‌ പരീക്ഷക്കാലത്തും പുസ്‌തക വിതരണം പൂർത്തിയാകാത്ത യുഡിഎഫിന്റെ ഭരണകാലത്തുനിന്ന്‌ വ്യത്യസ്‌തമായി  ജനപക്ഷ സർക്കാരിന്റെ കരുതലിന്റെ മറ്റൊരു ഉദാഹരണം.  സർക്കാർ,- എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള  പാഠപുസ്തക വിതരണം ചൊവ്വ രാവിലെ 10ന്‌ പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹബ്ബിൽനിന്ന്‌ പാമ്പാടി, കൊഴുവനാൽ വിദ്യാഭ്യാസ ജില്ലകളിലേക്ക് വിതരണത്തിനായി പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്ത്  വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ ഉദ്‌ഘാടനംചെയ്യും. യൂണിഫോമിന്റെ ജില്ലാതല വിതരണം പകൽ 10.30ന് മുട്ടമ്പലം സർക്കാർ യുപി സ്‌കൂളിൽ കോട്ടയം ഈസ്റ്റ് എഇഒ ആർ അജിത ഉദ്ഘാടനംചെയ്യും.  ജില്ലയിലെ പതിമൂന്ന് ഉപജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിലാണ് കൈത്തറി യൂണിഫോമിന്റെ വിതരണം. സർക്കാർ വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് രണ്ട് ജോഡി യൂണിഫോം തുണി സൗജന്യമായി നൽകും. എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് യൂണിഫോം വാങ്ങാനുള്ള പണം നൽകും. 1.47 ലക്ഷം  മീറ്റർ തുണിയാണ് ജില്ലയിൽ വിതരണത്തിനു വേണ്ടത്. ഇതിൽ 89,115 മീറ്റർ തുണി  എത്തിച്ചുകഴിഞ്ഞു. ഹാൻടെക്സാണ്  കൈത്തറി തുണി  എത്തിക്കുന്നത്.  പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളാണ് ജില്ലയിലെ പാഠപുസ്തക വിതരണ ഹബ്ബ്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായി നൽകാൻ 11.58 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്. ഇതിൽ 4.92 ലക്ഷം പുസ്തകങ്ങൾ  എത്തിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഉപജില്ലകളിലേക്ക് വിതരണത്തിനായി പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലി  നടന്നു വരികയാണ്. Read on deshabhimani.com

Related News