സിഐടിയു ജില്ലാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ തൊഴിലാളിസംഗമം മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനംചെയ്യുന്നു


ചങ്ങനാശേരി ഒക്ടോബർ 1, 2, 3 തീയതികളിൽ ചങ്ങനാശേരിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സമ്മേളനത്തോടനുബന്ധിച്ച് പ്രഭാഷണം, ഉല്പന്ന ജാഥകൾ, കൊടി, കൊടിമര ജാഥകൾ, ദീപശിഖ റിലേ, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാസന്ധ്യ എന്നിവ നടക്കും.  30ന് വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും. ഒന്നിന്‌ രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തും. 10ന് അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പി ഇബ്രാഹീം കണക്കും അവതരിപ്പിക്കും. വൈകിട്ട് ആറിന്‌ ഭരണഘടനയും ദേശീയതയും എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.  രണ്ടിന് സമ്മേളനം അവസാനിക്കും. മൂന്നിന് വൈകിട്ട്‌ നാലിന്‌ റെയിൽവേ ബൈപാസ് ജങ്‌ഷനിൽനിന്ന്‌ പ്രകടനം ആരംഭിക്കും. തുടർന്ന് പെരുന്ന നമ്പർ 2 ബസ് സ്റ്റാൻഡിൽ(കാട്ടാക്കട ശശി നഗർ) ചേരുന്ന പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.  100 യൂണിയനുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും നിലവിലെ ഭാരവാഹികളും ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും 12 സൗഹാർദ പ്രതിനിധികളുമടക്കം 394 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 120 പേർ വനിതകളാകും. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ, സുനിതാ കുര്യൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ സമ്മേളനത്തിനുശേഷം സിഐടിയുവിന് ജില്ലയിൽ 51 449 അംഗങ്ങളുടെ വർധന ഉണ്ടായതായും ഭാരവാഹികൾ പറഞ്ഞു. അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സൽ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ, സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ്, സ്വാഗതസംഘം സെക്രട്ടറി കെ ഡി സുഗതൻ, ഏരിയ പ്രസിഡന്റ്‌ അഡ്വ. പി എ നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.     Read on deshabhimani.com

Related News