ചിങ്ങവനം – മുട്ടമ്പലം 
ഇരട്ടപ്പാത കൂട്ടിമുട്ടി

പണി പൂർത്തിയായ ചിങ്ങവനം – മുട്ടമ്പലം പുതിയ ഇരട്ടപ്പാതയിലൂടെ ആദ്യമായി വ്യാഴാഴ്ച രാത്രി തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ എത്തിയപ്പോൾ


കോട്ടയം ചിങ്ങവനം –- ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ ഭാഗമായ മുട്ടമ്പലം –- ചിങ്ങവനം  ഇരട്ടപ്പാത യാഥാർഥ്യമായി. ഞായറാഴ്‌ച പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കൽകൂടി പൂർത്തിയാകുന്നതോടെ ഇരട്ടപ്പാത സമ്പൂർണമാകും. വ്യാഴാഴ്‌ചയാണ്‌ ചിങ്ങവനത്തുനിന്ന്‌ വരുന്ന പഴയ പാളം മുട്ടമ്പലത്തെ ടണൽ ഒഴിവാക്കി പുതുതായി നിർമിച്ച പാതയുമായി സംയോജിപ്പിച്ചത്‌. രാത്രി 8.10 ന്‌ പോയ ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ എക്‌പ്രസായിരുന്നു ടണലിനു വെളിയിലൂടെ കന്നിയാത്ര നടത്തിയത്‌. ഞായറാഴ്‌ച രാവിലെ ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തെ കട്ട്‌ ആൻഡ്‌ കണക്‌ഷനും കൂടി കഴിഞ്ഞാൽ ഇരട്ടപ്പാത സമ്പൂർണമാകും.     രാത്രിതന്നെ ഇരട്ടപ്പാത കമീഷൻചെയ്‌ത്‌ വണ്ടി ഓടിക്കാൻ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. അതേസമയം കമീഷൻ ഓഫ്‌ റെയിൽവേ സേഫ്‌റ്റിയുടെ അന്തിമ റിപ്പോർട്ട്‌ വെള്ളിയാഴ്‌ച ലഭിക്കും. ഇത്‌ കിട്ടിയാലേ ഔദ്യോഗികമായി പാത കമീഷൻ ചെയ്യാൻ കഴിയൂ. ശനിയാഴ്‌ച കോട്ടയം സ്‌റ്റേഷനിലെ ട്രാക്കുകളുടെ ക്രോസിങ്‌ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകും. മുട്ടമ്പലത്തെ തുരങ്കംവഴിയുള്ള അവസാന ട്രെയിൻ പാലരുവി വ്യാഴാഴ്‌ച രാവിലെ കടന്നുപോയി. രാവിലെ പാലരുവി കടന്നുപോയയുടൻ പാത അടച്ച്‌ കട്ട്‌ ആൻഡ്‌ കണക്‌ഷൻ ജോലികൾ തുടങ്ങി. മുപ്പതിലധികം തൊഴിലാളികൾ നിരവധി യന്ത്രങ്ങളുടെ സഹായത്താലാണ്‌ പണികൾ നടത്തിയത്‌. റെയിൽവേ കൺസ്‌ട്രക്‌ഷൻ ലേബേഴ്‌സ്‌, കരാറുകാരൻ അനിൽകുമാറിന്റെ കീഴിലുള്ള തൊഴിലാളികൾ, സംസ്ഥാനത്തിനു വെളിയിൽനിന്ന്‌ പ്രത്യേകമായി കൊണ്ടുവന്നവർ, അഞ്ച്‌ എൻജിനിയർമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ജോലികൾ. റെയിൽ ലോറി, ജെസിബി, പൊക്ലിയിൻ, ഹൈഡ്ര, ഡൈനാമിക്‌ ട്രാക്ക്‌ സ്‌റ്റെബിലൈസർ തുടങ്ങിയ യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു പണികൾ. വൈകിട്ടോടെ ഇലക്‌ട്രിക്ക്‌, സിഗ്‌നൽ ഉൾപ്പെടെ എല്ലാ ജോലികളും പൂർത്തിയായി. Read on deshabhimani.com

Related News