തുരങ്കങ്ങൾ അടഞ്ഞു; 
പുതുപാത തുറന്നു



 കോട്ടയം കോട്ടയം സ്‌റ്റേഷനിൽനിന്ന്‌ തെക്ക്‌ ഭാഗത്തേക്കുള്ള യാത്രയിൽ അൽപനേരം പുറംലോകത്തെ മറയ്‌ക്കുന്ന തുരങ്കങ്ങൾ ഇനി സ്‌മാരകങ്ങൾ. വ്യാഴം രാവിലെയാണ്‌ തുരങ്കങ്ങളിലൂടെ അവസാനമായി പാലരുവി കടന്നുപോയത്‌. തുരങ്കങ്ങൾക്ക്‌ വെളിയിലൂടെ ആദ്യമായി ഓടിയത്‌ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്‌റ്റ്‌ ഏക്‌പ്രസും (12696) രാത്രി 9.30ന്‌. മുട്ടമ്പലത്ത്  പുതിയ പാളത്തിലേക്ക് വന്ന ചെന്നൈ സൂപ്പർ ഫാസ്റ്റിനെ റയിൽവേ ജീവനക്കാരും കരാറുകാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ആർപ്പുവിളിച്ചും ആരവം മുഴക്കിയുമാണ്‌ വരവേറ്റത്.     രാവിലെ പാലരുവി കടന്നുപോയ ശേഷം ട്രാക്ക്‌ അടച്ച്‌ മുട്ടമ്പലം ഭാഗത്ത്‌ കട്ട്‌ ആൻഡ്‌ കണക്‌ഷൻ ജോലികൾ തുടങ്ങി. തുരങ്കത്തിൽനിന്നുള്ള പാളംമുറിച്ച്‌ പുതുതായി നിർമിച്ച പാളത്തിലേക്ക്‌ യോജിപ്പിച്ചു. ആധുനിക യന്ത്രങ്ങളുടെ സഹായത്താൽ പാളങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന ജോലികൾ വൈകിട്ട്‌ പൂർത്തീകരിച്ചു. 30 ലധികം തൊഴിലാളികൾ പങ്കാളികളായി. പാളത്തിന്റെ പ്രവർത്തനക്ഷമത ഉൾപ്പെടെ ഉറപ്പാക്കി രാത്രി തുരങ്കങ്ങൾ ഒഴിവാക്കിയുള്ള ആദ്യയാത്രയ്‌ക്ക്‌ വഴിയൊരുക്കി. കോട്ടയം സ്‌റ്റേഷൻ മുതൽ മുട്ടമ്പലംവരെ രണ്ട്‌ തുരങ്കങ്ങളാണുള്ളത്‌. ഇവയെ ഒഴിവാക്കി രണ്ട്‌ പുതിയപാതകളാണ്‌ നിർമിച്ചിരിക്കുന്നത്‌. ഇനി മുതൽ അതുവഴിയാണ്‌ ട്രെയിനുകൾ പോകുക. പുതുപാത തുറന്നതോടെ റബർബോർഡ്‌, പ്ലാന്റേഷൻ ഓഫീസുകൾക്ക്‌  താഴെയുള്ള തുരങ്കങ്ങൾ കോട്ടയം റെയിൽവേയുടെ ചരിത്രസ്‌മാരകങ്ങളായി മാറും. ഞായറാഴ്‌ച പാറോലിക്കൽ ഭാഗത്തെ പാത സംയോജിപ്പിക്കൽ കൂടി കഴിഞ്ഞാൽ ഏറ്റുമാനൂർ –- ചിങ്ങവനം ഇരട്ടപ്പാത തയ്യാർ. Read on deshabhimani.com

Related News