കുമരകത്ത്‌ സുരക്ഷ ശക്തം; ട്രയൽറൺ ഇന്നുമുതൽ



കോട്ടയം ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്‌ കുമരകം സർവസജ്ജം. ഇരുപത്‌ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. റിസോർട്ടുകളിൽനിന്ന്‌ സമ്മേളന സ്ഥലത്തേക്കുള്ള റോഡ്‌ –- ജലപാതകൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവയുടെ ട്രയൽറൺ തിങ്കളാഴ്‌ച ആരംഭിക്കും. ഹൗസ്‌ബോട്ടുകളിലാണ്‌ പ്രതിനിധികളെ സമ്മേളനസ്ഥലത്ത്‌ എത്തിക്കുക. ഹോട്ടലുകളിലും റിസോർട്ടുകളിലും സുരക്ഷ ശക്തമാക്കി. ബോംബ്‌ സ്‌ക്വാഡുകളുടെ പരിശോധന നടക്കുന്നുണ്ട്‌. തണ്ണീർമുക്കം ബണ്ട്‌ റോഡിന്റെ കൈവരികളിൽ ഇരുമ്പ്‌ തൂണുകൾ സ്ഥാപിച്ചു. ഇതിൽ ഇരുപത്‌  രാജ്യങ്ങളുടെ പതാക ഉയരും. കുമരകത്തെ അന്താരാഷ്‌ട്ര നിലവാരത്തിലുയർത്തി റോഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പണി പൂർത്തിയാകാറായി. എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വഴിയരികിൽ രാഷ്‌ട്രപ്രതിനിധികളെ സ്വാഗതംചെയ്‌ത്‌ വലിയ ബോർഡുകൾ സ്ഥാപിച്ചു. തണ്ണീർമുക്കം ബണ്ട്‌ മുതൽ ഇല്ലിക്കൽവരെയുള്ള റോഡ്‌ ബിഎംബിസി നിലവാരത്തിലാണ്‌ ടാറിങ്‌ പൂർത്തിയാക്കിയത്‌. കായലിലെ പോളനീക്കി.  മുപ്പതുമുതൽ ഏപ്രിൽ രണ്ടുവരെയാണ്‌ ജി 20 രണ്ടാമത്‌ ഷെർപ്പ യോഗം കുമരകത്ത്‌ നടക്കുക. തുടർന്ന്‌ ഏപ്രിൽ ആറുമുതൽ ഒമ്പതുവരെ വികസന പ്രവർത്തന സമിതി യോഗം നടക്കും.   Read on deshabhimani.com

Related News