ഫേസ്ബുക്ക് അക്കൗണ്ട്‌ 
ഹാക്ക് ചെയ്ത് പണംതട്ടാൻ ശ്രമം



ചങ്ങനാശേരി ഫേസ് ബുക്ക് അക്കൗണ്ട്‌ ഹാക്ക് ചെയ്ത് പണംതട്ടാൻ ശ്രമിക്കുന്നതായി പരാതി. നഗരസഭ കൗൺസിലർ പി എ നിസാർ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം ആർ എസ് സതീശൻ എന്നിവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് സുഹൃത്തുക്കളിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി പത്തോടെ നിസാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന്‌ സുഹൃത്തുക്കൾക്ക് ഹായ് എന്നും ഹലോ എന്നും മെസേജ്‌ ലഭിച്ചു. സതീശന്റെ അക്കൗണ്ടിൽനിന്ന്‌ വെള്ളിയാഴ്‌ച രാവിലെ മുതൽ സുഹൃത്തുക്കൾക്ക് സമാനരീതിയിൽ സന്ദേശം അയച്ചു. രാത്രി നിസാറിന്റെ അക്കൗണ്ടിൽനിന്ന്‌ അത്യാവശ്യമാണെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ടിൽനിന്ന്‌ 10,000 രൂപ ഗൂഗിൾപേ വഴി അയച്ചു തരണമെന്ന് സന്ദേശത്തിലൂടെ ഹാക്കർ ആവശ്യപ്പെട്ടു.  സമാന രീതിയിൽ ചെറുതും വലുതുമായ തുക ചോദിച്ച്‌ കൂടുതൽ സുഹൃത്തുക്കൾക്ക്  മെസേജ് ലഭിച്ചു. സുഹൃത്തുക്കൾ നിസാറിനെ ഫോണിൽ വിളിച്ചപ്പോഴാണ്‌ ഹാക്‌ ചെയ്യപ്പെട്ട വിവരം അറിയുന്നത്‌. രാത്രി തന്നെ നിസാറും സുഹൃത്തുക്കളും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. നേരം പുലരുവോളം പണം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ പോയിരുന്നു. സമാന സംഭവമാണ് സിഐടിയു നേതാവിനും ഉണ്ടായത്. ചങ്ങനാശേരി സെൻട്രൽ യൂണിറ്റിൽ പണിയെടുക്കുന്ന സതീശന്റെ അക്കൗണ്ടിലേക്ക്‌ പണം ആവശ്യപ്പെട്ടുകൊണ്ട്  മെസേജുകൾ എത്തി. നിസാറിന്റെ അക്കൗണ്ടിൽനിന്ന്‌ സതീശനും മെസേജ് ചെയ്‌തിരുന്നതിനാൽ വേഗത്തിൽ കാര്യം മനസ്സിലാക്കാനായി. സമാന കേസുകൾ വേറെയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News