മെഡി. കോളേജിന്‌ പുതിയ 
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

ഒരു വർഷം കൊണ്ട് 1,000 താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന 
ആഘോഷ പരിപാടി - മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസനസമിതിയുടെ പദ്ധതിയിലൂടെ ഒരുവർഷംകൊണ്ട് 1,000 താക്കോൽദ്വാര ശസ്ത്രക്രിയ (ലാപ്രോസ്‌കോപ്പിക്) വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്‌ത മന്ത്രി വി എൻ വാസവനാണ്‌ ഇക്കാര്യം അറിയിച്ചത്‌.   മെഡിക്കൽ കോളജിലെത്തുന്നവർക്ക് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമിക്കും. ഇതിന് ഭരണാനുമതി ലഭിച്ചു. ഉടൻ പ്രവൃത്തി ആരംഭിക്കും. തിരക്കേറിയ പാത മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.  പദ്ധതി ആരംഭിക്കാൻ മുൻകൈയെടുത്ത പ്രൊഫ. പി ജി ആർ പിള്ള, പ്രൊഫ. എം എൻ ശശികുമാർ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ അധ്യക്ഷനായി. വകുപ്പ്‌ മേധാവി ഡോ. വി അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഡോ. എസ് സുനിൽ, നഴ്‌സിങ്‌ ഓഫീസർ സുജാത എന്നിവർ സംസാരിച്ചു. കഴിഞ്ഞ മാർച്ചിലാണ് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആരംഭിച്ചത്. മൂന്നുലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയകളാണിത്. സർക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ സേവനം നൽകുന്നത്. Read on deshabhimani.com

Related News