കർഷക പ്രതിഷേധത്തിന്‌ കോട്ടയത്തിന്റെ പിന്തുണ



കോട്ടയം ഡൽഹി ഐതിഹാസിക കർഷകപ്രക്ഷോഭത്തിലെ ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ അംഗീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ കോട്ടയത്ത്‌ കർഷകരുടെ ഉജ്വല ട്രാക്‌ടർ റാലി. കർഷകസമരത്തിന്റെ മുഖമുദ്രയായിരുന്ന ട്രാക്‌ടറിൽ നടത്തിയ നഗരപ്രദക്ഷിണം ഒരിക്കൽകൂടി സമരസ്‌മരണകൾ ജ്വലിപ്പിച്ചു. അഖിലേന്ത്യാ കിസാൻസഭ നേതൃത്വത്തിൽ രാജ്യമാകെ നടക്കുന്ന പ്രതിഷേധത്തിന്‌ കോട്ടയത്തിന്റെ പിന്തുണയറിയിച്ച്‌ കേരള കർഷകസംഘം സംഘടിപ്പിച്ച റാലിയിൽ നിരവധി കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നു. വിവാദ കർഷകനിയമങ്ങൾ നടപ്പാക്കുന്നതിൽനിന്ന്‌ പിന്തിരിഞ്ഞ നരേന്ദ്ര മോദി സർക്കാർ പക്ഷേ ഒത്തുതീർപ്പ്‌ വ്യവസ്ഥകളെല്ലാം പാലിക്കാതെ കള്ളക്കളി തുടരുകയാണ്‌. ഉദാരവൽകരണ നയങ്ങൾ മൂലം ഇപ്പോഴും കർഷകർക്ക്‌ അർഹമായ വരുമാനം ലഭിക്കുന്നില്ല. കോട്ടയത്തിന്റെ സാമ്പത്തിക അടിത്തറയായ റബർ മേഖലയുടെ നട്ടെല്ലൊടിച്ച്‌ റബർ ബോർഡിനെ ഇല്ലാതാക്കുന്നു. കർഷകരെ നിഷ്‌കരുണം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു റാലിയും പൊതുയോഗവും. റാലി നഗരം ചുറ്റി തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സമാപിച്ചു. പ്രതിഷേധയോഗം അഖിലേന്ത്യ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജോസഫ്‌ ഫിലിപ്പ്‌ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം പ്രൊഫ. എം ടി ജോസഫ്‌, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രൊഫ. ആർ നരേന്ദ്രനാഥ്‌, പി എൻ ബിനു, ഗീത ഉണ്ണികൃഷ്‌ണൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News