ഐക്യ മലഅരയ മഹാസഭയുടെ 
കോളേജുകൾ നാളെ 
നാടിന്‌ സമർപ്പിക്കും



കോട്ടയം രാജ്യത്ത്‌ ട്രൈബൽ മാനേജ്മെന്റിന്റെ കീഴിലെ ആദ്യ എയ്ഡഡ് കോളജുകളായ മുരുക്കുംവയൽ(കോട്ടയം) ശ്രീ ശബരീശ കോളജും നാടുകാണി (ഇടുക്കി)ട്രൈബൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജും  മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നാടിനു സമർപ്പിക്കും.  മുരിക്കുംവയലിൽ വൈകിട്ട്‌ നാലിന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ   മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. മന്ത്രി റോഷി അഗസ്റ്റിൻ  സ്റ്റാർട്ടപ് മിഷൻ ലോഞ്ചിങ്‌  നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  മെറിറ്റ് അവാർഡ് വിതരണം ചെയ്യും. എംജി സർവകലാശാലാ വിസി ഡോ. സാബു തോമസ് ഇന്നവേഷൻ കൗൺസിൽ ലോഞ്ചിങ്‌  നിർവഹിക്കും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എത്‌നിക് ക്ലബ് ഉദ്ഘാടനം ചെയ്യും.    രാജ്യത്തെ പത്തുകോടിയോളം വരുന്ന പട്ടികവർഗ വിഭാഗത്തിന്‌ എയ്‌ഡഡ്‌ കോളേജ്‌ അനുവദിക്കുന്നത്‌ ആദ്യമായാണെന്ന്‌ ഐക്യ മലഅരയ മഹാസഭാ ജനറൽ സെക്രട്ടറി പി കെ സജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയ്‌ക്കു തന്നെ മാതൃകയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നടപടി. സഭയ്‌ക്ക്‌ ഒരു പാർടിയോടും വിധേയത്വമില്ലെങ്കിലും  സഹായിച്ചത്‌ എൽഡിഎഫ്‌ ആണ്‌.  ഒന്നാം പിണറായി സർക്കാർ  മുരുക്കുംവയൽ കോളേജും രണ്ടാം പിണറായി സർക്കാർ നാടുകാണി കോളേജും അനുവദിച്ചു. സമുദായാംഗങ്ങൾ  പണം സ്വരൂപിച്ച്‌ ഭൗതിക സാഹചര്യം ഒരുക്കി. ഏഴ്‌ കോഴ്‌സുകളിലായി 700 വിദ്യാർഥികളുണ്ട്‌. സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യുക്കേഷണൽ ട്രസ്‌റ്റിനാണ്‌  ചുമതല. രാജ്യത്തെ പുതിയ സാഹചര്യത്തിൽ അഫിലിയേറ്റഡ്‌ കോളേജുകൾ ഇല്ലാതാവുമെന്നതിനാൽ ട്രൈബൽ സർവകലാശാലയ്‌ക്കായി  ശ്രമിക്കുകയാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മല അരയ എഡ്യുക്കേഷണൽ ട്രസ്‌റ്റ്‌ ചെയർമാൻ കെ ആർ ഗംഗാധരൻ, സഭാ ട്രഷറർ എം ബി രാജൻ, സംസ്ഥാന കമ്മിറ്റിയംഗം എം കെ സജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News