കലക്ടർ പി കെ ജയശ്രീ പടിയിറങ്ങുന്നു, ജന്മനാട്ടിൽനിന്ന്‌



കോട്ടയം കോവിഡ്‌ വ്യാപനം ചെറുക്കുന്ന പ്രധാന ദൗത്യമടക്കം സർക്കാരിന്റെ ഒട്ടനവധി പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിച്ച കലക്ടർ ഡോ. പി കെ ജയശ്രീ 31ന്‌ സർവീസിൽനിന്ന്‌ വിരമിക്കും. ജില്ലയുടെ 47ാമത്‌ കലക്ടറായി 2021 ജൂലൈ 13നാണ്‌ ചുമതലയേറ്റത്‌. ഒട്ടനവധി കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയെന്ന സംതൃപ്‌തിയോടെയാണ്‌ വിരമിക്കൽ. സുപ്രധാന വകുപ്പുകളിലെല്ലാം മേധാവിയായ അനുഭവ പരിചയം അവർക്ക്‌ കരുത്തായിരുന്നു. സ്വന്തം ജില്ലയിൽതന്നെ കലക്ടറാകാനും ആ സ്ഥാനത്തിരുന്ന്‌ വിരമിക്കാനും സാധിച്ചതിന്റെ ചാരിതാർഥ്യവും ഡോ. പി കെ ജയശ്രീക്കുണ്ട്‌. വളർന്നത്‌ തൃശൂരിലാണെങ്കിലും ജന്മംകൊണ്ട്‌ വൈക്കം ഉദയനാപുരം സ്വദേശിനിയാണ്‌.  കോവിഡ്‌ പ്രതിരോധത്തിനായി നാട്‌ പോരാടുന്ന സമയത്തായിരുന്നു പഞ്ചായത്ത് വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന്‌ കലക്ടറായി കോട്ടയത്തെത്തിയത്‌.   2013 ഐഎഎസ്‌ ബാച്ചിലുൾപ്പെട്ട ജയശ്രീ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ, ഭക്ഷ്യസുരക്ഷാ കമീഷണർ, കൃഷി വകുപ്പ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ, തൃശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, തിരുവല്ല, തൃശൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ആർഡിഒ, കോട്ടയം, തൃശൂർ, കാസർകോട് ജില്ലകളിൽ ഡെപ്യൂട്ടി കലക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. കേരള ബാങ്ക് രൂപീകരണത്തിനുള്ള ഉത്തരവിൽ ഒപ്പുവച്ചതും പി കെ ജയശ്രീയാണ്‌. 2007ൽ കോട്ടയത്ത്‌ ഒരുവർഷം ഡെപ്യൂട്ടി കലക്ടറായിരുന്നു. ഭർത്താവ്‌ എസ്‌ബിഐ മുൻ മാനേജർ പി വി രവീന്ദ്രൻ നായർ. മക്കൾ: ഡോ. ആരതി ആർ നായർ, അപർണ ആർ നായർ. Read on deshabhimani.com

Related News