ചരിത്രം കഥപറയുന്ന സിഎംഎസ്‌ 
ക്യാമ്പസിൽ ശിൽപഭംഗിയും



കോട്ടയം പ്രകൃതിഭംഗി നിറഞ്ഞ സിഎംഎസ്  കോളേജ് ക്യാമ്പസിന് പുതുശോഭപകർന്ന് കുറ്റൻ ശിൽപങ്ങൾ ഒരുങ്ങുന്നു. ഓടിലും ശിലയിലും തീർക്കുന്ന ശിൽപങ്ങളാണ് ക്യാമ്പസിലെ ശിൽപോദ്യാനത്തിൽ സ്ഥാപിക്കുക. പ്രശസ്ത ശിൽപികളായ കെ എസ് രാധാകൃഷ്ണൻ, എം കെ ജോൺസൺ, അജയൻ വി കാട്ടുങ്ങൽ, സനുൽ കുട്ടൻ, ഇ ജി ചിത്ര, വി സതീശൻ, ഹർഷ വൽസൻ എന്നിവരാണ് ശിൽപങ്ങൾക്ക് ജീവൻ പകരുന്നത്.  പല ഘട്ടങ്ങളിലൂടെയാണ്‌ ഉദ്യാനം പൂർത്തിയാകുന്നത്. ഒരു മാസം നീളുന്ന ക്യാമ്പിലൂടെ  ആദ്യ ഘട്ടത്തിൽ ഏഴുശിൽപങ്ങൾ പൂർത്തിയാകും. അവ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്ന്‌ പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വ പറഞ്ഞു. ശിൽപം നിർമിക്കാനുള്ള കൃഷ്ണ ശിലകൾ കന്യാകുമാരിയിലെ മൈലാടിയിൽനിന്നാണ് എത്തിച്ചത്. 17 ടണ്ണിലേറെ ഭാരമുള്ളതാണ് ഓരോ ശിലയും. കല്ലിലും ഓടിലുമായി തീർക്കുന്ന ഏറ്റവും വലിയ ശിൽപത്തിന് 20 അടി  ഉയരമുണ്ടാകും. ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളികൃഷ്ണൻ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്‌തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ലാൻഡസ്‌കേപ് ആർകിടെക്ടായ ബിജോയ് ചാക്കോയാണ് ശിൽപം സ്ഥാപിക്കാനുള്ള സ്ഥലം നിർണയിക്കുന്നത്. Read on deshabhimani.com

Related News