കനത്തമഴ; വീടുകളിൽ
വീണ്ടും വെള്ളംകയറി

മുണ്ടക്കയം വണ്ടൻപതാൽ പ്രദേശത്ത് ഉണ്ടായ മലവെള്ളപ്പാച്ചിൽ


മുണ്ടക്കയം കിഴക്കൻ മേഖലയിൽ മണിക്കൂറുകൾ നീണ്ട കനത്തമഴ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാറത്തോട്, എരുമേലി, കോരുത്തോട്, കുട്ടിക്കൽ,മണിമല, എലിക്കുളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.  വണ്ടൻപതാൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളംകയറി. വൈകിട്ട്‌ നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലൈനിൽനിന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും ഒഴുകിയാണ് നാശം വിതച്ചത്.  കോരുത്തോട് -മുണ്ടക്കയം  പാതയോരത്ത് താമസിക്കുന്ന പഞ്ചായത്തംഗം ഫൈസൽമോന്റെ വീടിനുള്ളിൽ വെള്ളം കയറി പാചകവാതക സിലിണ്ടർ അടക്കമുളള വീട്ടുപകരണങ്ങൾ ഒലിച്ചുപോയി. സംഭവസമയത്ത് ഫൈസലിന്റെ ഭാര്യ നദീറയും മൂന്നു കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിനുള്ളിൽ കുടുങ്ങിയ ഇവർ വാതിൽതകർത്താണ് പുറത്തിറങ്ങിയത്. ചേരിപാറയിൽ സനിലിന്റെ വീടിന്റെ ചുറ്റുമതിൽ ഒഴുക്കിൽ തകർന്നു. ഇലഞ്ഞിമറ്റം ജിനേഷ്, വെട്ടാപ്പാല സജി, ലത്തീഫ്, വെട്ടിമറ്റം ജെയിംസ്, മറ്റക്കര പാപ്പച്ചൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി. നിരവധി വീടുകളുടെ ചുറ്റുമതിലും വെള്ളം കൊണ്ടുപോയി. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുൾ പൊട്ടലുണ്ടായതായും വിവരമുണ്ട്‌.   വണ്ടൻപതാലിൽ വെള്ളം കയറിയത് അറിഞ്ഞ്‌ കോട്ടയം കലക്ടറ്റിൽ  യോഗത്തിൽ പങ്കെടുത്തിരുന്ന മന്ത്രി വി എൻ വാസവൻ സ്ഥലത്തെത്തി. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഷാനവാസ്‌ എന്നവരും സ്ഥലത്തെത്തി. സിപിഐ എം ബ്രാഞ്ചുസെക്രട്ടറിമാരായ പി എൻ സത്യൻ, നിയാസ് കല്ലുപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ അസംബനി, വണ്ടൻപതാൽ മേഖലകളിൽ മഴ തുടങ്ങുമ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ  കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. Read on deshabhimani.com

Related News