തങ്കത്തിളക്കമുള്ള പെണ്ണുങ്ങൾ



മാനത്തൂർ വഴിയിൽ വീണുകിടന്ന സ്വർണമാലയേക്കാൾ തിളക്കമുണ്ടായിരുന്നു മൂന്നു പെണ്ണുങ്ങളുടെ സത്യസന്ധതയ്ക്ക്. പൊലീസ് സ്‌റ്റേഷനിൽവച്ച്  ഉടമയുടെ കൈയിൽ മാല തിരികെ ഏൽപ്പിച്ച്  അഭിമാനത്തോടെ തലയുയർത്തി അവർ പരസ്പരം ചിരിച്ചു. ആ സ്നേഹനിമിഷത്തിന് സാക്ഷിയായ പൊലീസുകാർ കൈയടിച്ചു.     പിഴക് ബഗ്ലാംകുന്ന് മൈലാടുംപാറയിൽ സോണിയ ഷൈജു, കുതിരക്കുളം സുനിത ഷിനോയി, വല്യാനിക്കൽ മഞ്ജു ജെയിംസ് എന്നിവരാണ് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി നാടിന് അഭിമാനമായത്.      ​മാനത്തൂർ സ്‌കൂളിൽ പിടിഎ  യോഗം കഴിഞ്ഞ് മടങ്ങുംവഴി പള്ളിക്ക് സമീപത്തുനിന്ന്‌ ചൊവ്വാഴ്ച വെെകിട്ടാണ് വഴിയിൽകിടന്ന് ഇവർക്ക് മാല കിട്ടുന്നത്. മൂവരും ചേർന്ന് ആലോചിച്ച് ഉടൻ പഞ്ചായത്തംഗം റോബി ഊടുപുഴയെ വിളിച്ചു. തുടർന്ന് രാമപുരം പൊലീസ് സ്‌റ്റേഷനിൽ മാല ഏൽപ്പിച്ചു.    തൊടുപുഴ മാടമ്പന ശ്രീരജ്ഞൻ ജി ഗൗതത്തിന്റെ ഭാര്യ അശ്വതിയുടേതായിരുന്നു മാല. പാലായിലെ ബന്ധുവീട്ടിലേയ്ക്ക് പോകും വഴി മാനത്തൂർ പള്ളിക്ക് സമീപം കാർ നിർത്തി ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായത്. മാനത്തൂരിൽ കാർ നിർത്തിയ സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടെ യുവതികളിൽ ഒരാളുടെ അച്ഛൻ അവിടെയെത്തി. ഇദ്ദേഹമാണ്‌ രാമപുരം പൊലീസ് സ്‌റ്റേഷനിൽ മാല ഏൽപ്പിച്ച വിവരം അറിയിച്ചത്‌. തുടർന്ന് എസ്‌ഐ പി എസ്‌ അരുൺകുമാർ യുവതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിൽ രണ്ടരപ്പവന്റെ  മാല ഉടമയ്‌ക്ക്‌ കൈമാറുകയായിരുന്നു. Read on deshabhimani.com

Related News