1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും



 കോട്ടയം ജില്ലയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വിവിധ പദ്ധതികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ രൂപം നൽകി. ഇതിനു പുറമേ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്‌ നഗരസഭകൾ സംയുക്തമായി ചേർന്ന്‌ 10 പ്രധാനപദ്ധതികളും ഈ സാമ്പത്തികവർഷം നടപ്പാക്കും. ‘ഇല്ലം നിറ വല്ലം നിറ’ എന്ന പേരിലുള്ള സമഗ്ര നെൽകൃഷി വികസനം ലക്ഷ്യമിട്ടുള്ളതാണ്‌ പ്രധാന പദ്ധതി. ആരോഗ്യ പരിരക്ഷ, ഡയാലിസ്‌ രോഗികൾക്കുള്ള ആശ്വാസ പദ്ധതി, ശിശുവികസനം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ പ്രത്യേക പദ്ധതി, പട്ടികജാതി –- വർഗ കുട്ടികൾക്ക്‌ സിവിൽ സർവീസ്‌, കെഎഎസ്‌ പരിശീലനം, വനിതാ വികസനം തുടങ്ങിയ പദ്ധതികളാണ്‌ സംയുക്തമായി നടപ്പാക്കുന്നത്‌. നെൽകൃഷി, ആരോഗ്യ പദ്ധതികൾ അഞ്ചുവർഷം തുടരാനാണ്‌ ലക്ഷ്യമിടുന്നത്‌. മറ്റുള്ളവ നടപ്പുസാമ്പത്തിക വർഷം പൂർത്തിയാക്കും. ജില്ലയിലെ തരിശുഭൂമി കൃഷിയോഗ്യമാക്കുക, നെൽകൃഷിക്കാവശ്യമായ  അടിസ്ഥാനസൗകര്യം ഒരുക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്‌. പദ്ധതികൾ അടങ്ങുന്ന കരട് വികസന രേഖ വികസന സെമിനാറിൽ മന്ത്രി വി എൻ വാസവൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന് നൽകി പ്രകാശനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത് പദ്ധതി അവതരണം നടത്തി. ജില്ലാ ഡെപ്യൂട്ടി പ്ലാനിങ്‌ ഓഫീസർ സി എൻ സുഭാഷ് സംയുക്ത പ്രോജക്ട് അവതരിപ്പിച്ചു. 2021-–-22 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതത്തിന്റെ 100 ശതമാനവും വിനിയോഗിക്കാൻ പ്രവർത്തിച്ച നിർവഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ടി എൻ  ഗിരീഷ്‌കുമാർ, ജെസി ഷാജൻ, പി എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി വി സുനിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News