നഗരമധ്യത്തിൽ എംഡിഎംഎ 
വിൽപന; യുവാക്കൾ പിടിയിൽ



കോട്ടയം  കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‌ സമീപം ബൈക്കിലെത്തി എംഡിഎംഎ കൈമാറുന്നതിനിടെ രണ്ട്‌ യുവാക്കൾ എക്‌സൈസ്‌ പിടിയിൽ. കൂനന്താനം പുത്തൻപുരയ്‌ക്കൽ ഷോൺ കുര്യൻ(22) കൂനന്താനം മഞ്ചേരിക്കളം ജോസഫ് സ്കറിയ(23) എന്നിവരെ കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌തത്‌. ഇവരിൽനിന്ന്‌ 3.8 ഗ്രാം എംഡിഎംഎ ഇവർ സഞ്ചരിച്ച കെഎൽ 33 എം  6752 നമ്പർ ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു.  ഇരുവരും ആഡംബര ബൈക്കുകളിൽ ചുറ്റിനടന്ന് യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും രാസലഹരി വിൽക്കുകയായിരുന്നു. ബൈക്കുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ ആഴ്ചകളോളം പിന്തുടർന്ന് നീക്കങ്ങൾ മനസ്സിലാക്കിയ ശേഷം കോട്ടയം കെഎസ്ആർടിസിക്ക് സമീപത്തുവച്ചാണ്‌ പിടിച്ചത്‌. രണ്ട് ദിവസമായി എക്സൈസ് നടത്തിയ രണ്ടാമത്തെ എംഡിഎംഎ വേട്ടയാണിത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടരന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നുമാണ് എംഡിഎംഎ എത്തിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ടി സബിൻ, പ്രിവന്റീവ് ഓഫീസർമാരായ ഡി മനോജ്കുമാർ, ആർ കെ രാജീവ്, കെ രാജീവ്,  സിവിൽ എക്സൈസ് ഓഫീസർമാരായ എസ്‌ നൂജു, ടി സന്തോഷ്, ശ്യാംകുമാർ, രതീഷ് കെ നാണു, അശോക് ബി നായർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News