ഇഷ്ടനമ്പർ സ്വന്തമാക്കാൻ 
നൽകിയത്‌ 8.80 ലക്ഷം

വാഹനത്തിനൊപ്പം അച്ചായൻസ് ജുവലറി ഉടമ ടോണി വർക്കിച്ചൻ


കോട്ടയം ചലച്ചിത്രതാരം പൃഥ്വിരാജ്‌ തന്റെ വാഹനത്തിന്‌ ഇഷ്‌ട നമ്പർ ലഭിക്കാനായി നൽകിയ തുകയേക്കാൾ കൂടിയ തുകയ്ക്ക് വാഹന രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കി കോട്ടയം സ്വദേശി. ജില്ലയിലെ ഏറ്റവും കൂടിയ തുകയ്‌ക്കുള്ള രജിസ്‌ട്രേഷനായി ഇത്‌ മാറി. പുതുതായി സ്വന്തമാക്കിയ കിയയുടെ വാഹനത്തിനായി അച്ചായൻസ് ജുവലറി ഉടമ അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചനാണ്‌ റെക്കോഡ് തുക മുടക്കിയത്. കോട്ടയം ആർടി ഓഫിസിൽ നിന്നുള്ള കെ എൽ 05 എ വൈ 7777 എന്ന നമ്പരിനായി ഇദ്ദേഹം 8.80 ലക്ഷം രൂപയാണ് മുടക്കിയത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു.  തെള്ളകത്തെ കിയാ ഷോറൂമിൽ നിന്നാണ്‌ ഇദ്ദേഹം ഏറ്റവും പുതിയ മോഡലായ കാർണിവൽ ലിമിസിൻ പ്ലസ് 45.40 ലക്ഷം രൂപയ്‌ക്ക്‌ എടുക്കുന്നത്‌. തന്റെ മുൻ വാഹനങ്ങളായ ജാഗ്വാറിനും കിയയുടെ സെൽടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പർ തന്നെ പുതിയ വാഹനത്തിനും വേണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഓൺലൈനായി കെ എൽ 05 എ വൈ 7777 എന്ന നമ്പരിനു വേണ്ടി ബുക്ക് ചെയ്തു. എന്നാൽ, ഈ നമ്പരിനു വേണ്ടി മറ്റൊരാൾ കൂടി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഓൺലൈൻ വഴി തന്നെ വാശിയേറിയ ലേലത്തിലാണ് ഇദ്ദേഹം നമ്പർ സ്വന്തമാക്കിയത്. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാൾ 7.80 ലക്ഷം വരെ ലേലം വിളിച്ചിരുന്നു. Read on deshabhimani.com

Related News