പൊൻകുന്നത്ത് തീപിടിത്തം 
4 കടകൾ 
നശിച്ചു



പൊൻകുന്നം കെവിഎംഎസ് റോഡിലെ കോംപ്ലക്‌സിൽ വൻ തീപിടിത്തം. നാല് ഷട്ടറുകൾക്കുള്ളിൽ തീ പടർന്ന് കടകൾ നശിച്ചു. ചിറക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപം പൊൻകുന്നം ഞള്ളത്തിൽ രാജാലയം അശോക് കുമാറിന്റെ  കെട്ടിടത്തിലാണ് തിങ്കൾ വൈകിട്ട് 7.15ന് തീപിച്ചത്. അശോക് കുമാറിന്റെ സ്റ്റാർ ഓട്ടോ സ്‌പെയേഴ്‌സ് എന്ന സ്‌പെയർ പാർട്‌സ് കടയിലാണ് ആദ്യം തീപടർന്നത്. കട അടച്ച് അശോക് കുമാർ വീട്ടിലേക്ക് പോയിരുന്നു. ഇതിനുള്ളിൽ നിന്ന് തീപടർന്ന് സമീപത്തെ കടകളിലേക്കും വ്യാപിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന്‌ കരുതുന്നു. തീ പടരാതിരിക്കാനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു.  കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയി മാത്യുവിന്റെ മൂന്നു ഷട്ടറിലായുള്ള ഓയിൽ കടയിലേക്കാണ് തീ പടർന്നത്. ഓയിൽ കടയുടെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന്‌ തീ പൂർണമായി അണച്ചു. തൊട്ടടുത്തുള്ള ഇദ്ദേഹത്തിന്റെ തന്നെ ഏയ്ഞ്ചൽ ഓട്ടോ പാർട്‌സിൽ തീ പടർന്നില്ല. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ രണ്ടുമണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകൾ നിലയിലുള്ള ഓയിൽ കടയുടെ സംഭരണശാലയിലേക്ക് തീപടർന്നാൽ സമീപത്തെ കെട്ടിടങ്ങളും അപകടസാധ്യതയിലാകുമെന്ന് കണ്ട് തീ പടരാതിരിക്കാനുള്ള  മുന്നൊരുക്കങ്ങളും നടത്തി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.  ബിനോയിയുടെ കടകളിൽ ജീവനക്കാർ ഉണ്ടായിരുന്നു. ഓയിൽ, റബർ പാർട്‌സ് ഉൾപ്പെടെയുള്ളവയിൽ തീപടർന്നതോടെ പെട്ടെന്ന് പരിസരമാകെ തീയും പുകയും നിറഞ്ഞു. ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിനോയിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News