62,902 കുട്ടികൾ പരീക്ഷാഹാളിലേക്ക്‌



 കോട്ടയം കോവിഡ് 19 ഭീതിയിലും ജില്ലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ സുഗമമായി നടത്താൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജില്ലയിൽ 257  കേന്ദ്രങ്ങളിലായി 19,902 കുട്ടികൾ എസ്എസ്എൽസി പരീക്ഷയും 133 ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങളിലായി 43,000 വിദ്യാർഥികൾ ഹയർസെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും എൻഎസ്എസ്, എസ്എസ്‌കെ എന്നിവയുടെ നേതൃത്വത്തിൽ 1,30,000 മാസ്ക്കുകൾ വിതരണത്തിന്‌ തയ്യാറാക്കി. വിദ്യാർഥികളും അധ്യാപകരും ശ്രദ്ധിക്കേണ്ട കരുതൽ മാർഗ നിർദേശങ്ങൾ പ്രത്യേകം പ്രിന്റ് ചെയ്തു നൽകുന്നുമുണ്ട്. ജില്ലയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ക്വാറന്റയിൻ സെന്ററുകളായി പ്രവർത്തിച്ചിരുന്നു. ആ സെന്ററുകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോരുത്തോട് പഞ്ചായത്തിലെ കണ്ടൈൻമെന്റ്‌ സോണുകളിലുള്ള അധ്യാപകർക്കും കുട്ടികൾക്കും  ഗതാഗതം അനുവദിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. സ്കൂളുകളിൽ അധ്യാപകരും രക്ഷകർതൃ സമിതികളും തദ്ദേശസ്ഥാപനങ്ങളും വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഫയർഫോഴ്സ് സ്കൂളുകൾ അണുവിമുക്തമാക്കും.  ജില്ലാ പഞ്ചായത്തിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് ആവശ്യമുള്ള സാനിറ്റൈസറുകൾ ജില്ലാ പഞ്ചായത്ത് നൽകും. സ്കൂളുകൾക്കുള്ള സാനിറ്റൈസർ ബോട്ടിലുകൾ 25ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറും. അന്നേദിവസം തന്നെ സാനിറ്റൈസറുകൾ സ്കൂളുകളിൽ എത്തിക്കും. രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സംശയനിവാരണത്തിനും സഹായത്തിനും അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ വാർ റൂം  ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകളും ഉണ്ട്. യാത്രാ സഹായ സൗകര്യം ഉൾപ്പെടെ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ജില്ലാ പഞ്ചായത്ത് മെമ്പർമാരും  പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ്‌ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും സജീവമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ അഭ്യർഥിച്ചു.   അവലോകന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ഡോ. ശോഭാ സലിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ സി കെ രാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ കെ ജെ പ്രസാദ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News