മാർമല ജലവൈദ്യുത പദ്ധതി വരുന്നൂ

മാർമല അരുവി വെള്ളച്ചാട്ടം


 പാലാ മീനച്ചിൽ താലൂക്കിലെ മാർമല അരുവിയിലെ ജലസ്രോതസ് പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഏഴ് മെഗാവാട്ട് സ്ഥാപിതശേഷിയോടുകൂടിയ നിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനായി തലനാട്, തീക്കോയി വില്ലേജുകളിൽ ആറ് ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമായി.  തീക്കോയി മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന വഴിക്കടവ് ആറിന്റെ ഭാഗമാണ് മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ മാർമല തോട്. 130 അടി മലമുകളിൽനിന്ന്‌ ഒഴികിയെത്തുന്ന നീർച്ചാൽ വലിയ വെള്ളച്ചാട്ടമാകും. താഴെ തടാകവും ഉണ്ട്‌. ഇവ പ്രയോജനപ്പെടുത്തിയാണ് ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിയുടെ വിയർ(ചെറിയ ഡാം), പവർ ടണൽ, പവർഹൗസ് എന്നിവയുടെ സൈറ്റുകൾ സ്ഥാപിക്കനാണ് ഭൂമി ഏറ്റെടുക്കുന്നത്. എഴ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയിൽ 3.50 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ സ്ഥാപിച്ചായിരിക്കും വൈദ്യുതോൽപാദനം. വർഷം 23 മെഗാ യൂണിറ്റ് വാർഷിക വൈദ്യുത ഉൽപ്പാദനമാണ് ലക്ഷ്യം.  തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്മെന്റാണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. നിർദിഷ്ട പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ടുകൊടുക്കാൻ പ്രദേശത്തെ ഭൂവുടമകൾ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചത്.   പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മാർമല വെള്ളചാട്ടം നിർദിഷ്ട ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ്. ഇവിടം കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി അരുവിയിലേക്ക് എത്താൻ ചാമപ്പാറ- മാർമല റോഡ് നിർമാണം ആരംഭിച്ചിരുന്നു. റോഡിനാവശ്യമായ കലുങ്കുകളും പാലവും പൂർത്തിയാക്കിയെങ്കിലും ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ തർക്കം ഉയർന്നതോടെ നിർമാണം മുടങ്ങിയ നിലയിലാണ്. പാലാ ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ തടസം നീക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇല്ലിക്കൽ കല്ലിലെത്തുന്ന സഞ്ചാരികളെ മാർമലയിൽ എത്തിച്ച് അഭ്യന്തര ടൂറിസം വികസിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.  Read on deshabhimani.com

Related News