പിന്തുടർന്ന്‌ തേനീച്ചക്കൂട്ടം; കുത്തേറ്റ ചെത്തുതൊഴിലാളിക്ക്‌ 
രക്ഷകനായി ആരോഗ്യപ്രവർത്തകൻ



 എരുമേലി ജോലിക്കിടെ ചെത്തുതൊഴിലാളിക്ക്‌ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്ക്‌. രക്ഷപ്പെട്ടോടി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അഭയംപ്രാപിച്ച തൊഴിലാളിയെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രക്ഷിച്ച്‌ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടകടത്തി കള്ള്‌ ഷാപ്പിലെ ചെത്തുതൊഴിലാളി കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി നെടുമ്പാരയ്ക്കൽ എൻ ബിജു(45) വിനാണ്‌ കുത്തേറ്റത്‌. ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിന്‌ സമീപം ബുധൻ രാവിലെ ഒമ്പതിന് പന ചെത്താൻ കയറിയപ്പോൾ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. പനയിൽ നിന്ന് ഇറങ്ങിയോടി വസ്ത്രങ്ങൾ ഊരി തൊട്ടടുത്തുള്ള ആറ്റിൽ ചാടിയെങ്കിലും തേനീച്ച വീണ്ടും ആക്രമിച്ചു. തുടർന്ന്‌ അവശനിലയിൽ ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ എത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നു ജെഎച്ച്‌ഐ സജിത് സ്വന്തം കാറിൽ മുക്കൂട്ടുതറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. കാറിൽവച്ച് സജിത്തിനും തേനീച്ച കുത്തേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു അപകടനില തരണം ചെയ്തു. ജീവൻ രക്ഷിക്കാൻ അവസരോചിത ഇടപെടൽ നടത്തിയ സജിതിന് എരുമേലി മെഡിക്കൽ ഓഫീസർ ഡോ. ടി എം മുഹമ്മദ് ജിജിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.    Read on deshabhimani.com

Related News