വിവാദ കാർഷിക നിയമങ്ങൾ ഇന്ത്യക്ക്‌ ദോഷകരം: ബിഷപ്‌ ഡോ. സാബു കെ ചെറിയാൻ



കോട്ടയം വിവാദമായ ‘കാർഷിക നിയമങ്ങൾ’ നടപ്പായാൽ ഇന്ത്യയ്‌ക്കാകെ ദോഷകരമായി മാറുമെന്ന്‌ ബിഷപ്പ്‌ റവ. ഡോ. സാബു കോശി ചെറിയാൻ. ഇതിന്റെ ചുവടുപിടിച്ച്‌ കുത്തകകൾ കർഷകരുടെ മേൽ നിയമങ്ങൾ അടിച്ചേൽപ്പിക്കൽ തുടങ്ങും. ഡൽഹിയിൽ കർഷകസമരത്തിനിടെ 150ഓളം കർഷകർ മരിച്ചതിനെ ‘വീരമൃത്യു’വായാണ്‌ താൻ കാണുന്നത്‌. സിഎസ്‌ഐ മധ്യകേരള മഹായിടവക 13ാമത് ഇടയനായി ചുമതലയേറ്റ ശേഷം ബിഷപ്‌സ്‌ ഹൗസിൽ എത്തിയ അദ്ദേഹം ദേശാഭിമാനിക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ ഇങ്ങനെ പറഞ്ഞത്‌.  വിവാദനിയമങ്ങൾ നടപ്പാക്കുന്നത്‌ ഒന്നര വർഷത്തേക്ക്‌ നിർത്തിവയ്‌ക്കാമെന്ന്‌ കേന്ദ്ര സർക്കാർ പറയുന്നത്‌ കർഷകരുടെ കണ്ണിൽ പൊടിയിടാനാണ്‌. കർഷകർക്ക്‌ ഗുണം ചെയ്യുന്നവയാണ്‌ നിയമങ്ങളെങ്കിൽ അവ അടിച്ചേൽപ്പിക്കുന്നത്‌ എന്തിനാണെന്ന്‌ ബിഷപ്പ്‌ ചോദിച്ചു. കൃഷിഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നിക്ഷിപ്‌ത താല്പര്യങ്ങൾ നിയമത്തിന്‌ പിന്നിലില്ലേയെന്ന സംശയവും ഉയരുന്നു.  തന്റെ അധികാരപരിധിയിലുള്ള പള്ളികളിൽ പുത്തൻ കാർഷിക നിയമങ്ങളെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കാറുണ്ട്‌. ഒരുപക്ഷേ, പരിസ്ഥിതി വിഷയങ്ങൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ഏക സഭയാണ്‌ സിഎസ്‌ഐ എന്നും ചോദ്യത്തിനുത്തരമായി ബിഷപ്പ്‌ പറഞ്ഞു. സംസ്ഥാന സർക്കാർ കൃഷിക്ക്‌ നൽകുന്ന പ്രാധാന്യം തിരുവല്ല തുകലശേരിയിൽ വൈദികനായിരിക്കെ അനുഭവിച്ചറിഞ്ഞതാണ്‌. തണ്ണിമത്തൻ കൃഷി വിസ്‌മയകരമായി ചെയ്ത്‌ വിജയിപ്പിച്ചത്‌‌ അവിടെയാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News