ചെങ്കതിരിൽ കുളിച്ച്‌ നെല്ലിക്കാമല



മൂലമറ്റം   നെല്ലിക്കാമലയിൽ ചെങ്കതിർ പൊഴിക്കും ഉദയാസ്‌തമയങ്ങൾ. പുലർകാലങ്ങളിലും സായാഹ്നങ്ങളിലും മലയുടെ നെറുകയിൽ എത്തുന്നവർക്ക്‌ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്‌. നെല്ലിക്കാമലയിൽനിന്ന് നോക്കിയാൽ ദൂരെ വെണ്ണിയാനി മലനിരകൾക്കിടയിലൂടെ ചുവന്നുതുടുത്ത മനോഹരിയായ ഉദയവും അസ്തമയവും കാണാം. വൈകിട്ട്‌ അസ്തമയ സൂര്യൻ പതിയെ... പതിയെ... കണ്മുന്നിൽനിന്ന് മറയുന്നതും മറ്റൊരു അനുഭവമാണ്.      മൂലമറ്റം, കാഞ്ഞാർ പ്രദേശങ്ങളുടെയും മലങ്കര ജലസംഭരണിയുടെയും സൗന്ദര്യം ഇവിടെനിന്ന് ദൂരക്കാഴ്ചയായി അസ്വദിക്കാൻ സാധിക്കും. സമുദ്രനിരപ്പിൽനിന്ന് 2800 അടി ഉയരത്തിലുള്ള അധികം അറിയപ്പെടാത്ത ഈ മനോഹര പ്രദേശത്തുനിന്നാൽ മലമടക്കുകളും പച്ചപ്പിനകത്ത്‌ വെള്ളകീറി ഒഴുകുന്ന അരുവികളും കാണാം. മഴക്കാലത്ത്‌ കോടമഞ്ഞ്‌ ആകാശം തൊടുന്നപോലെ ഒഴുകിനീങ്ങുന്നതും ആസ്വദിക്കാം.    അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികളുടെ ഹൃദയഭൂമികയായി മാറും. ചെങ്കുത്തായ കയറ്റവും ഇറക്കവും കൊടും വളവുമുള്ള പ്രാകൃത രീതിയിലുള്ള റോഡുകളാണ്‌ നെല്ലിക്കാമലയിലേക്കുള്ള യാത്രയിലെ പ്രധാന വില്ലൻ. എന്നാൽ, അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ നിത്യവും അനേകം പേരാണ് ഇവിടെയെത്തുന്നത്. ഇവിടെ ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കണമെന്നും സഞ്ചാരികൾ പറയുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലും പതിനാലാം വാർഡിലുമായിട്ടാണ് നെല്ലിക്കാമല വ്യാപിച്ചുകിടക്കുന്നത്.      വെള്ളിയാമറ്റം, കാഞ്ഞാർ ഭാഗങ്ങളിൽനിന്ന് മലഞ്ചെരിവിലുള്ള കിഴുക്കാംതൂക്കായ ചെറുപാതകളിലൂടെ സാഹസികമായി വേണം ഇവിടേയ്‌ക്കെത്താൻ. ഇരുചക്ര വാഹനങ്ങളിലും ജീപ്പിലും ഏറ്റവും മുകൾഭാഗത്തുവരെ പോകാൻ സാധിക്കും. സാഹസിക ടൂറിസത്തിന് അനന്തസാധ്യതകളുള്ള ഇവിടം ഡിടിപിസി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.  Read on deshabhimani.com

Related News