വീണ്ടും നിലച്ചു സ്‌കൂളാരവം; പഠനം ഓൺലൈനിൽ



 കോട്ടയം> രണ്ടരമാസമായി സജീവമായിരുന്ന സ്‌കൂളുകളിൽനിന്ന്‌ കുട്ടികളുടെ ആരവം വീണ്ടും നിലച്ചു. ഒന്നു മുതൽ ഒമ്പത്‌ വരെ ക്ലാസുകാർക്ക്‌ വെള്ളിയാഴ്‌ച മുതൽ  ഓൺലൈനിലേക്ക്‌ പഠനം മാറി. കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും 10, 11, 12 ക്ലാസുകൾ മാത്രമാണ്‌ സ്‌കൂൾ അന്തരീക്ഷത്തിലുള്ളത്‌. സ്‌കൂളിലെത്തുന്നതാണ്‌ കുട്ടികളുടെ പഠനത്തിനും മാനസികവളർച്ചക്കും നല്ലതെന്നാണ്‌ പൊതുവിലയിരുത്തൽ. പക്ഷെ കോവിഡ്‌  ശക്തിയാർജിച്ചതോടെ നിയന്ത്രണം കടുപ്പിക്കാതെ രക്ഷയില്ലാതായി. 2021 നവംബർ ഒന്നു മുതലാണ്‌ സ്‌കൂളുകളിൽ പഠനം പുനഃരാരംഭിച്ചത്‌. ഒന്നാം തരംഗം മുതൽ ഓൺലൈനിലായിരുന്നു അധ്യയനം.    ക്ലാസിലെ സൗഹൃദങ്ങൾ വെടിഞ്ഞ്‌ കുട്ടികൾ ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ ചുറ്റുവട്ടത്തേക്ക്‌ വീണ്ടും മാറുകയാണ്‌. വെള്ളി മുതൽ കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ക്ലാസുകൾ ടെലിവിഷനിൽ ശ്രദ്ധിച്ച കുട്ടികളുടെ എണ്ണം കൂടി. സ്‌കൂളിൽ എത്താൻ കഴിയാത്തവർക്കായി കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ക്ലാസ്‌ നടക്കുന്നുണ്ട്‌. തിങ്കൾ മുതൽ  ടൈംടേബിളിലും മാറ്റം വരാം. സ്‌കൂളിലെ അധ്യാപകർ തന്നെ ഓൺലൈൻ ക്ലാസ്‌ എടുക്കണമെന്ന്‌ നേരത്തെതന്നെ വിദ്യാഭ്യാസവകുപ്പ്‌ നിർദേശമുണ്ട്‌. വാട്‌സ്‌ ആപ്പിലോ ഗൂഗിൾമീറ്റിലോ ഇത്‌ ക്രമീകരിക്കാനാണ്‌ സാധ്യത.    അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ പലതിനും സ്വന്തമായി മൊബൈൽ ആപ്പ്‌ ഉണ്ട്‌. ഇതിലൂടെ അധ്യയനം തുടങ്ങിയിട്ടുണ്ട്‌. മുക്കാൽമണിക്കൂർ വീതമുള്ള പീരിയഡുകളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ശരാശരി ഓരോ ക്ലാസുകാർക്കും രണ്ടുമുതൽ മൂന്നു മുണിക്കൂർ വരെ നൽകുന്നു. സർക്കാർ–-എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഇന്റർനെറ്റ്‌ കണക്ഷനുള്ള കംപ്യൂട്ടർ സംവിധാനമുണ്ട്‌. അധ്യാപകർ സ്‌കൂളുകളിൽ എത്തണമെന്നും നിർദേശമുണ്ട്‌.   ഒന്നു മുതൽ ഒമ്പത്‌ വരെ ക്ലാസുകളിലായി 1,30,000 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നു. അൺഎയ്‌ഡഡിലും ഒരുലക്ഷത്തിലേറെ കുട്ടികളുണ്ട്‌. ഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ പഠനം പ്രതിസന്ധി സൃഷ്ടിക്കും. എസ്‌പിസി, എൻസിസി, സ്‌കൗട്ട്‌സ്‌ അടക്കം കുട്ടികളുടെ സന്നദ്ധ പ്രവർത്തനങ്ങളും തൽക്കാലത്തേക്ക്‌ നിലച്ചു.     Read on deshabhimani.com

Related News