‘ മകളുടെ കല്യാണ സ്വപ്‌നങ്ങളാണ്‌ ഒഴുകിപ്പോയത്‌ ’

കാഞ്ഞിരപ്പള്ളി കുറുവാമുഴി തേനാക്കൽ ടി കെ വിജയനും 
ഭാര്യ ഓമനയും മകൾ ആരതിയും


കാഞ്ഞിരപ്പള്ളി മകളെ കതിർമണ്ഡപത്തിലിറക്കാൻ കരുതിയ പണവും സ്വർണവുമടക്കം വീടാകെ മലവെള്ളം കവർന്നത്‌ ഹൃദയം തകർന്ന്‌ നിസഹായനായി നോക്കിനിൽക്കാനേ ആ അച്ഛന്‌ കഴിഞ്ഞുള്ളൂ. കാഞ്ഞിരപ്പള്ളി -വിഴിക്കിത്തോട് -കുറുവാമുഴി റോഡിലെ പുഴയോരത്ത് താമസിച്ച കുറുവാമുഴി തേനാക്കൽ ടി കെ വിജയൻ വീട്ടിലെ തടി അലമാരയിൽ മകൾ ആരതിയുടെ വിവാഹത്തിനായി സൂക്ഷിച്ച ഒരുലക്ഷം രൂപയും മൂന്നര പവന്റെ സ്വർണവുമാണ്‌ കൺമുന്നിൽ ഒഴുകി അകന്നത്‌. 13 വീടുകളോടൊപ്പം വിജയന്റെ വീടും ഒലിച്ചുപോയി.  ഇവരുടെ അലമാര വെള്ളത്തിൽ ഒഴുകി അകലെ ചെന്നിരുന്നു. രക്ഷാപ്രവർത്തകർ അലമാര കരയ്ക്ക് എത്തിച്ചെങ്കിലും  ഇതിൽ കുറേ പഴയവസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറത്തോട് ഇടക്കുന്നം വട്ടക്കാവിലാണ് ഈ മാസം കല്യാണം ഉറപ്പിച്ചിരുന്നത്. പലരും നൽകിയ പണം സ്വരുക്കൂട്ടിവച്ചതാണ് നഷ്ടമായത്.   വിഴിക്കിത്തോട്ടിലെ ചേനപ്പാടി ആർ വി വെക്കേഷണൽ ഹൈസ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ്‌ വിജയനും ഭാര്യ ഓമനയും മകൾ ആരതിയും.  ‘സകലതും നഷ്ടമായ ഞാനും കുടുംബവും ഇനി എന്തുചെയ്യും’  വിജയന്റെ ചോദ്യം എല്ലാവരുടെയും മനസിൽ വിങ്ങലാവുകയാണ്‌. Read on deshabhimani.com

Related News