കിടങ്ങു തീർത്ത്‌ 
കാട്ടാനകളെ വീഴ്‌ത്തും



മുണ്ടക്കയം കിഴക്കൻ മേഖലകളിലെ കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ പൂർണമായും സോളാർ ഫെൻസിങ്‌ സ്ഥാപിക്കാനും കിടങ്ങുകൾ കുഴിക്കാനും തീരുമാനം. ഇപ്പോൾ സോളാർ ഫെൻസിങ്ങുള്ള സ്ഥലങ്ങളിൽ സൗരവേലികൾ ഉടൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. കാട്ടാനശല്യം രൂക്ഷമായ ഭാഗങ്ങളിൽ കിടങ്ങുകളും കുഴിച്ച്‌ പരിഹാരം കാണാനാണ്‌ നീക്കം.   കാട്ടാനകളും കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങി മറ്റ്‌ മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ കർമപരിപാടിയും തയ്യാറാക്കും.   പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിലെ കാട്ടാനശല്യത്തിന്‌  പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.   സൗരവേലികൾ എല്ലാ സമയവും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും. ഇപ്രകാരം സൗര വേലികൾ സജ്ജമാക്കാനും കിടങ്ങുകൾ കുഴിക്കുന്നതിന്‌ വനംവകുപ്പ് ഫണ്ട്, എംഎൽഎ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ, തൊഴിലുറപ്പ്‌ പദ്ധതി എന്നീ മാർഗങ്ങൾ സ്വീകരിക്കും. ഇതിന് വനംവകുപ്പിന്റെ കോട്ടയം ഡിവിഷനും പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനും സംയുക്ത മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഈ മാസ്റ്റർ പ്ലാൻ കോർഡിനേറ്റ് ചെയ്യാൻ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ വി ജയകുമാറിനെ ചുമതലപ്പെടുത്തി.   വനാതിർത്തിയിൽ വീടുകൾക്കും സ്കൂളുകൾ ഉൾപ്പെടെ പൊതുകെട്ടിടങ്ങൾക്കും ഭീഷണി യായ മരങ്ങൾ  മുറിച്ചുമാറ്റാനും തീരുമാനമായി. വനംവകുപ്പും പ്രദേശവാസികളും സംയുക്തമായി ജാഗ്രതാസമിതികൾ രൂപീകരിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖ ദാസ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യ വിനോദ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ വി ജയകുമാർ, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ്‌ ഡിവിഷൻ ഓഫീസർ ജ്യോതിഷ്, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News