മേളയ്ക്ക് എത്താനായില്ല, മേരിക്ക് ആശുപത്രിയിലെത്തി പട്ടയം കൈമാറി കലക്ടർ



കോട്ടയം ചികിത്സയിലായതിനാൽ പട്ടയമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പുന്നത്തുറ കുഴിക്കോട്ടപറമ്പ് ലക്ഷംവീട് കോളനിയിലെ മേരി മാത്യുവിന് ആശുപത്രിയിലെത്തി കലക്ടർ പട്ടയം കൈമാറി.    കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന മേരിയെ സന്ദർശിച്ചാണ് കലക്ടർ ഡോ. പി കെ ജയശ്രീ പട്ടയരേഖ കൈമാറിയത്. രോഗത്തിന്റെ അവശത മറന്ന് കിടക്കയിൽ നിന്ന് മകൾ ആലീസിന്റെയും മരുമകൾ ഷാന്റി സാബുവിന്റെയും സഹായത്തോടെ എഴുന്നേറ്റിരുന്ന് മേരി പട്ടയം സ്വീകരിച്ചു.   "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ ഭൂരഹിതരായ മുഴുവൻ ജനങ്ങളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പട്ടയം അനുവദിച്ചത്. കോട്ടയം താലൂക്കിൽ പട്ടയം അനുവദിച്ച 85 പേരിൽ 83 പേരും കഴിഞ്ഞ മാസം 30ന് നടന്ന പട്ടയമേളയിൽ റവന്യു മന്ത്രി അഡ്വ. കെ രാജനിൽനിന്ന് രേഖ സ്വീകരിച്ചിരുന്നു. എന്നാൽ ആശുപത്രിയിലായതിനാൽ മേരിക്ക് മേളയിലെത്താനായില്ല. മേരി രോഗക്കിടക്കയിലാണെന്നറിഞ്ഞ കലക്ടർ ആശുപത്രിയിലെത്തി പട്ടയം കൈമാറുകയായിരുന്നു. 50 വർഷമായി താമസിക്കുന്ന 3.01 സെന്റ് (1.22 ആർ) സ്ഥലത്തിന്റെ കോളനി പട്ടയമാണ് മേരിക്ക് സ്വന്തമായത്.  ഏക മകൻ അപകടത്തിൽ മരിച്ചതോടെ മേരിയുടെയും മരുമകളുടെയും ജീവിതം പ്രതിസന്ധിയിലായിരുന്നു. രണ്ടു പേർക്കും ക്ഷേമപെൻഷൻ ലഭിച്ചതിനാൽ പ്രതിസന്ധികളെ ഒരുപരിധിവരെ നേരിടാൻ സാധിച്ചെങ്കിലും രോഗം വലയ്ക്കുന്നു.   എഡിഎം ജിനു പുന്നൂസ്, ഏറ്റുമാനൂർ നഗരസഭാംഗം മഞ്ജു അലോഷ്, എൽആർ ഡെപ്യൂട്ടി കലക്ടർ ഫ്രാൻസിസ് സാവിയോ, കോട്ടയം തഹസിൽദാർ എസ് എൻ അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News