പാറമ്പുഴയിലെ പുതിയ ഫോറസ്റ്റ് സ്‌റ്റേഷൻ സമുച്ചയം ഉദ്ഘാടനം 24ന്



 കോട്ടയം വനം- വന്യജീവി വകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഫോറസ്റ്റ് സ്‌റ്റേഷൻ മന്ദിരസമുച്ചയം 24ന് വൈകിട്ട്‌ നാലിന്‌ വനം-മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വനമിത്ര ജേതാവിനുള്ള പുരസ്‌കാരവിതരണം സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും.   പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ് കോമ്പൗണ്ടിൽ മൂന്നുനിലകളിലായി നിർമിച്ചിട്ടുള്ള പുതിയ മന്ദിരത്തിൽ ഹൈറേഞ്ച് സർക്കിൾ ഓഫീസ്, വൈൽഡ് ലൈഫ് സർക്കിൾ ഓഫീസ് എന്നീ ഓഫീസുകളാണുള്ളത്. വീഡിയോ കോൺഫറൻസ് ഹാളും അണ്ടർഗ്രൗണ്ട് വാഹനപാർക്കിങ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 8.32 കോടി രൂപ ചെലവിട്ടാണ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ മന്ദിരം നിർമിച്ചത്. വനം വകുപ്പിന്റെ സുപ്രധാന മേഖലാ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഇവിടെ കാലവർഷക്കാലത്ത് മീനച്ചിലാർ കരകവിഞ്ഞ് ഒഴുകി ഫോറസ്റ്റ് കോമ്പൗണ്ട് വെള്ളത്തിലായി ഓഫീസ് പ്രവർത്തനം നിശ്ചലമാകുന്നത് പതിവായിരുന്നു. ഇതിന്‌ പരിഹാരം എന്ന നിലയിലാണ് 2021ൽ പുതിയ മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. Read on deshabhimani.com

Related News