കുഴിമ്പിള്ളിയിൽ 20 കുടുംബം ഒറ്റപ്പെട്ടു

ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാതാമ്പുഴ-–-കുഴിമ്പിള്ളി റോഡ്


 പൂഞ്ഞാർ ഉരുൾപൊട്ടലിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ കുഴിമ്പിള്ളി പ്രദേശത്തെ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാതാമ്പുഴ–- - കുഴിമ്പിള്ളി, കുഴിമ്പിള്ളി–- ഇന്തുംപള്ളി തകിടി, കുഴിമ്പിള്ളി–- - ഏന്തയാർ റോഡുകൾ പൂർണമായും ഒലിച്ചുപോയതോടെയാണ്  പ്രദേശവാസികൾ ഒറ്റപ്പെട്ടത്‌. നാലുകിലോമീറ്റർ നടന്നാൽമാത്രമേ ആശുപത്രിയിലേക്ക്‌ പോകാൻ വാഹനസൗകര്യമുള്ളൂ. വൈദ്യുതിനിലച്ചത്‌ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഫോൺബന്ധവും തകരാറിലായി. പ്രദേശത്തെ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ചു. നിരവധി വീടുകൾ തകർന്നടിഞ്ഞു. ആൾതാമസമില്ലാതിരുന്ന ഒരു വീട്, കണ്ണമുണ്ടയിൽ ജോജോ, വെട്ടത്ത്‌ ടോമി  എന്നിവരുടെ പന്നിഫാമുകൾ, കുഴിവേലിപ്പറമ്പിൽ ജോർജ്ജ്കുട്ടിയുടെ പറമ്പിൽ റബ്ബർ പാൽ നിറച്ചുവച്ചിരുന്ന 16 വീപ്പയും ഒലിച്ചുപോയി.  ഈ പ്രദേശത്ത്‌ തുടർച്ചയായി അഞ്ചിടങ്ങളിലാണ്‌ ഉരുൾപൊട്ടിയതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. റോഡിൽ അടിഞ്ഞ കൂറ്റൻ പാറകഷണങ്ങൾ  പൂർണമായും പൊട്ടിച്ചുനീക്കാതെ വാഹനഗതാഗതം സാധ്യമല്ല. ബുധൻ രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ. അക്ഷയ് ഹരി പറഞ്ഞു. Read on deshabhimani.com

Related News