ആ മക്കൾ സുരക്ഷിതർ



അയ്മനം അമ്മയുടെ മരണത്തോടെ അനാഥരായ മാനസിക വെല്ലുവിളി നേരിടുന്ന മൂന്നു മക്കൾ പാലാ മരിയസദനത്തിന്റെ മക്കളാകുന്നു.   മന്ത്രി വി എൻ വാസവന്റെ ഇടപെടലിൽ കലക്ടർ മുഖാന്തരം ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെയും അയ്മനം പഞ്ചായത്തിന്റെയും സഹായത്തോടെയാണ് റെജി (39), മോഹനൻ (36), സുനി (34) എന്നിവരെ സംരക്ഷണകേന്ദ്രത്തിലെത്തിച്ചത്.  ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ അമ്മ അയ്‌മനം കുന്നേൽപറമ്പിൽ വീട്ടിൽ ബാലാമണിയമ്മ മരിച്ചത്. 2017-ലാണ്‌ അച്ഛൻ ദിവാകരന്റെ മരണം. ചുമട്ടുതൊഴിലാളിയായിരുന്നു അദ്ദേഹം. ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു ബാലാമണി. ഇവർക്ക്‌ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ സ്വീപ്പർ ജോലിയായിരുന്നു. തുച്ഛവേതനത്തിലും പരിഭവമില്ലാതെ മൂന്നുമക്കളെയും പോറ്റി ഇവർ ജീവിച്ചു.  മൂത്തമകൻ റെജി ലോട്ടറി വില്പനയ്‌ക്ക്‌ പോയിരുന്നു. എന്നാൽ ഇയാളെ പലരും പറ്റിച്ചതോടെ അത്‌ നിർത്തി. ഇളയ രണ്ടാൾക്കും ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ ജീവിതം വഴിമുട്ടി. വീടില്ലാത്ത ഇവർക്ക്‌ സിപിഐ എം അയ്‌മനം ഈസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയാണ്‌ കുടയംപടി ചിറ്റക്കാട്ട് കോളനിയിൽ വീട്‌   നൽകിയത്‌. സംസ്‌കാര ചടങ്ങിനെത്തിയ മന്ത്രി ഇവരെ അഭയം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്‌ നടപടി.   ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പ് സൂപ്രന്റ്‌ പ്രമോദ് കുമാർ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ഒസിബി കൗൺസിലർ ശ്രീജേഷ്, സിപിഐ എം അയ്‌മനം ഈസ്‌റ്റ്‌ ലോക്കൽ സെക്രട്ടറി ആർ പ്രമോദ്‌ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നാടാകെ കണ്ണീരോടെയാണ്‌ ഇവരെ യാത്രയയച്ചത്‌. Read on deshabhimani.com

Related News