എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ: മന്ത്രി ഡോ. ആർ ബിന്ദു



കോട്ടയം നൂതനാശയങ്ങൾ യാഥാർഥ്യമാക്കാനും വൈജ്ഞാനികതലത്തിലേക്ക് ഇവയെ ഉയർത്താനുമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആർ ബിന്ദു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ പുതിയ കെട്ടിടത്തിന്റെയും കോട്ടയം ഗവ. കോളേജിലെ പദ്ധതികളുടേയും ഉദ്ഘാടനം നാട്ടകത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.      കോട്ടയം ഗവ. കോളേജിനുസമീപം 1.85 കോടി രൂപ ചെലവിൽ ഇരുനിലകളിലായാണ് കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടറുടെ കെട്ടിടം. കോളേജിൽ 3.88 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനംചെയ്തത്. പൊളിറ്റിക്കൽ സയൻസ് ഗവേഷണകേന്ദ്രം, മൂന്നുകോടി രൂപ ചെലവിൽ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ലീഡ് കോളേജ് പദ്ധതി പ്രകാരം ആരംഭിച്ച അന്തർവൈജ്ഞാനിക ഗവേഷണകേന്ദ്രം, 60 ലക്ഷം രൂപയുടെ ജിയോമാറ്റിക്സ് ലാബ്, 28 ലക്ഷം രൂപ ചെലവിലുള്ള ഭിന്നശേഷി സൗഹൃദപാത, ഇൻസ്റ്റിറ്റ്യൂഷണൽ ലേണിങ് മാനേജ്മെന്റ് സിസ്റ്റം, രക്തദാന സഹായ സോഫ്റ്റ്‌വെയർ എന്നിവ ഉദ്ഘാടനംചെയ്‌തു.     തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി വിഗ്നേശ്വരി, നഗരസഭ കൗൺസിലർ എൻ ജി ദീപാമോൾ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ചുമതലയുള്ള കോളേജ് പ്രിൻസിപ്പൽ ഡോ. ആർ പ്രഗാഷ്, മുൻ അഡീഷണൽ ഡയറക്ടർ ഡോ. കെ എൻ കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ വി വി ജയലാൽ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ബി കേരളവർമ്മ, ഐക്യൂഎസി കോർഡിനേറ്റർ ഡോ. സെനോ ജോസ് എന്നിവർ പങ്കെടുത്തു. എംജി സർവകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്കുകൾ കരസ്ഥമാക്കിയ 11 വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു.    സുവർണജൂബിലി നിറവിലുള്ള ഗവ. കോളേജിൽ 2.70 കോടിയുടെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അഞ്ചുകോടിയുടെ ലേഡീസ് ഹോസ്റ്റൽ, മൂന്നു കോടിയുടെ ലൈബ്രറി ബ്ലോക്ക്, കിഫ്ബി ഫണ്ടിൽനിന്ന്‌ 8.72 കോടി ചെലവിൽ പുതിയക്ലാസ്‌റൂം ബ്ലോക്കുകൾ എന്നിവയടക്കം 26 കോടിയുടെ പദ്ധതികളാണ് പുരോഗമിക്കുന്നത്. Read on deshabhimani.com

Related News