ട്രാൻസ്‌ഫോർമർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം



കോട്ടയം പാമ്പാടിയിലെ ട്രാൻസ്‌ഫോർമർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ബുധൻ പുലർച്ചെ രണ്ടോടെയാണ്‌ അപകടം. ആലാമ്പള്ളി മിനി ഇൻഡസ്‌ട്രി ഏരിയയിൽ പ്രവർത്തിക്കുന്ന യൂണിപവർ എന്ന സ്ഥാപനത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏകദേശം മൂന്ന്‌ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  പുലർച്ചെ പട്രോളിങ്‌ നടത്തുകയായിരുന്ന പാമ്പാടി പൊലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട്‌ ഇതുവഴി എത്തിയ ബൈക്ക്‌ യാത്രികനാണ്‌ പുക ഉയരുന്ന വിവരം പറയുന്നത്‌.  ഉടൻ പാമ്പാടി അഗ്നിശമന സേനയെ അറിയിച്ചു. പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമനാ സേനകൾഎത്തി  നാലു മണിക്കൂറോളം എടുത്താണ്‌ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്‌.   പല മുറികളായി തിരിച്ചായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ട്രാൻസ്‌ഫോർമർ നിർമാണ കേന്ദ്രമായിരുന്നിട്ടും ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ പോലും ഉണ്ടായിരുന്നില്ലെന്ന്‌  ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ സേഫ്‌റ്റി ഉപകരണങ്ങൾ ഒന്നും  ക്രമീകരിച്ചിരുന്നില്ല. മൂന്ന്‌ എക്‌സിറ്റിംഗ്യൂഷർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. വലിയ സ്ഥാപനങ്ങളിൽ അപകടമുണ്ടായാൽ സംരക്ഷണത്തിന്‌ ഇത്‌ മതിയാകില്ല. രണ്ട്‌ മുറികളിലായി സൂക്ഷിച്ചിരുന്ന അലുമിനിയം കോയിൽ, സെപ്പറേഷൻ പേപ്പർ തുടങ്ങിയവയാണ്‌ കത്തിയത്‌.  കൃത്യസമയത്ത്‌ പൊലീസുകാർ കണ്ടതിനാലാണ്‌ വലിയ അപകടത്തിലേക്ക്‌ പോകാതിരുന്നത്‌. സമീപത്തെ മുറിയിൽ ട്രാൻസ്‌ഫോർമർ ഓയിൽ സൂക്ഷിക്കുന്ന ടാങ്ക്‌, ഓക്‌സിജൻ സിലിണ്ടർ, എൽപിജി ഗ്യാസ്‌ സിലിണ്ടർ എന്നിവയുണ്ടായിരുന്നു. ഇവിടേക്ക്‌ തീ വ്യാപിച്ചിരുന്നെങ്കിൽ കെട്ടിടം പൂർണമായും അഗ്നിക്കിരയാകുമായിരുന്നു. പാമ്പാടി ഫയർ സ്‌റ്റേഷൻ ഓഫീസർ വി വി സുവികുമാർ, സീനിയർ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർ ഹരീന്ദ്രനാഥ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. Read on deshabhimani.com

Related News