കളിചിരിയില്ലാത്ത ലോകത്തിലേക്ക്‌ അവർ ഒന്നിച്ച്‌ യാത്രയായി



കോട്ടയം അവരൊന്നിച്ചാണ്‌ കല്യാണത്തിന്‌ പോയത്‌, ഒടുവിൽ കളിചിരിയില്ലാത്ത ലോകത്തേക്കും ഒന്നിച്ചൊരു യാത്ര. മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ച ഫിർദൗസിനും അമൽ ഷാബുവിനും പാറപ്പാടത്തെ വീട്ടുമുറ്റത്ത്​ ഒറ്റപ്പന്തലിൽ തന്നെ നാട്‌​ കണ്ണീരോടെ യാത്രയയപ്പ്​ നൽകി. സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേർ അവസാനമായി അവരെ കാണാനെത്തി. കോട്ടയം ഈസ്റ്റ്​ സ്​റ്റേഷൻ എസ്​ഐ വേളൂർ പാറപ്പാടം ജാസ്മിൻ മൻസിലിൽ റിജുമോന്റെയും സീനയുടെയും മകൻ ഫിർദൗസും റിജുമോന്റെ സഹോദരി ജാസ്മിന്റെയും ഷാബുവിന്റെയും മകൻ അമൽ ഷാബുവുമാണ്‌ ശനി വൈകിട്ട്​ നാലോടെ​ മലങ്കര ജലാശയത്തിന്റെ ഭാഗമായ കാഞ്ഞാർ പുഴയിൽ മുങ്ങിമരിച്ചത്​. കാഞ്ഞാറി​ൽ കുന്നുംപുറത്ത്​ സലീമിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പ​ങ്കെടുക്കാൻ ശനിയാഴ്ച രാവിലെയാണ്​ ഇവർ എത്തിയത്​. പുഴയിൽ കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോൾ ഫിർദൗസ്​ അപകടത്തിൽപെടുകയായിരുന്നു. രക്ഷിക്കാൻ എടുത്തുചാടിയ ​അമലും മുങ്ങിപ്പോയി. നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 അടിയോളം താഴ്​ചയിൽനിന്നാണ്​ ഇവരെ മുങ്ങിയെടുത്തത്​.  മൃതദേഹങ്ങൾ ഞായറാഴ്‌ച ഉച്ചയോടെ പാറപ്പാടത്തെ ഫിർദൗസിന്റെ വീട്ടിലെത്തിച്ചു. തറവാടുവീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തെ വാടകവീട്ടിലാണ്​ ഇവരുടെ താമസം. പൊതുദർശനത്തിനുശേഷം ഫിർദൗസിന്റെ മൃതദേഹം താഴത്തങ്ങാടി ജുമാ മസ്​ജിദ്‌ ഖബർ സ്ഥാനിൽ ഖബറടക്കി. അമലിന്റെ മൃതദേഹം ചങ്ങനാശേരി വണ്ടിപ്പേട്ട അഴീക്കൽ  വീട്ടിലെത്തിച്ചശേഷം​ വൈകിട്ട്​ പഴയപള്ളി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. Read on deshabhimani.com

Related News