ആവേശത്തോടെ 75-–ാം വാർഷിക ക്യാമ്പയിൻ

ദേശാഭിമാനി ക്യാമ്പയിന്റെ  ഭാഗമായി കോട്ടയം നഗരത്തിലെ സ്ഥാപനത്തിൽനിന്ന് സിപിഐ എം  ജില്ലാ സെക്രട്ടറി 
വി എൻ വാസവൻ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു 


കോട്ടയം സാധാരണക്കാരന്റെ ജിഹ്വയായി ദേശാഭിമാനി ദിനപത്രം പിറന്നിട്ട്‌ 75 വർഷങ്ങൾ തികയുന്ന ദിനത്തിൽ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിന്‌ ജില്ലയിലെങ്ങും ഉജ്വല സ്വീകരണം. നേരിനൊപ്പം നാടിനൊപ്പം എന്ന മുദ്രാവാക്യം ഓരോ വാക്കിലും നിറവേറ്റി, ഇടതുപക്ഷത്തിന്റെ പടവാളായ ദേശാഭിമാനി അനുദിനം കൂടുതൽ ജനകീയത നേടി മുന്നോട്ടുപോകുകയാണ്‌.  ഈ കാലയളവിൽ കേരളത്തിലാകെ പത്രത്തിന്‌ ലഭിച്ച സ്വീകാര്യത അക്ഷരങ്ങളുടെ നാടായ കോട്ടയത്തും അതേ അളവിൽ പ്രതിഫലിച്ചു. അത്‌ കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യവുമായാണ്‌ 75ാം വാർഷിക ദിനത്തിൽ പ്രത്യേക പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്‌. സിപിഐ എമ്മിലെ മുഴുവൻ ഘടകങ്ങളും പത്ര ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു. വീടുകളിലും സ്ഥാപനങ്ങളിലും കയറി പുതിയ വാർഷിക വരിക്കാരെ ചേർത്തു. എല്ലാ വിഭാഗം ജനങ്ങളുടെയും ഭാഗത്തുനിന്ന്‌ മികച്ച പ്രതികരണമുണ്ടായി. ഇടതുപക്ഷത്തിന്റെ സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ദേശാഭിമാനി ഉയർത്തുന്ന രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന്റെ തെളിവാണ്‌ ക്യാമ്പയിന്റെ വിജയം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ്‌ പത്തനംതിട്ടയിലും ജില്ലാ സെക്രട്ടറി വി എൻ വാസവൻ കോട്ടയത്ത്‌ വിവിധയിടങ്ങളിലും പ്രചാരണത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവരും വിവിധയിടങ്ങളിൽ ക്യാമ്പയിന്‌ നേതൃത്വം നൽകി. ദേശാഭിമാനിയിൽ 
വാർഷികാഘോഷം   ദേശാഭിമാനിയുടെ 75ാം വാർഷികം കോട്ടയം യൂണിറ്റിൽ ജീവനക്കാർ ചേർന്ന്‌ ആഘോഷിച്ചു. ജനറൽ മാനേജർ കെ ജെ തോമസ്‌ കേക്ക്‌ മുറിച്ച്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌തു.   സമൂഹത്തിലെ എല്ലാ വിഷയങ്ങളും കൃത്യമായി ജനങ്ങളിലെത്തിച്ച്‌ മികച്ച പത്രമായി ഉയരാൻ ദേശാഭിമാനിക്ക്‌ കഴിഞ്ഞതായി ഉദ്‌ഘാടന പ്രസംഗത്തിൽ കെ ജെ തോമസ്‌ പറഞ്ഞു. പത്രത്തിന്റെ സ്വീകാര്യത രാഷ്‌ട്രീയ താൽപര്യങ്ങൾക്ക്‌ അപ്പുറത്തേക്ക്‌ വളർന്നതായും അദ്ദേഹം പറഞ്ഞു.   ദേശാഭിമാനി ജീവനക്കാർ ചേർത്ത വാർഷിക വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പ്രദീപ്‌ മോഹൻ കെ ജെ തോമസിന്‌ കൈമാറി. യോഗത്തിൽ യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. പ്രദീപ്‌ മോഹൻ സ്വാഗതവും ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News