അപ്പർ കുട്ടനാട്ടിൽ വൻ കൃഷിനാശം

കനത്ത മഴയിലിലും കാറ്റിലും, കുമരകം ഇടവട്ടം കുമ്പളന്തറ പാടത്തെ കൊയ്യാറായ നെല്ല് ചാഞ്ഞു പോയപ്പോൾ


കോട്ടയം കനത്തമഴയിൽ അപ്പർ കുട്ടനാട്ടിൽ പലയിടത്തും വ്യാപക കൃഷിനാശം. കൊയ്യാറായ ഏക്കർ കണക്കിന്‌ നെല്ല്‌ ചരിഞ്ഞു. ചിലയിടത്ത്‌ പാടത്ത്‌ മടവീണ്‌ വെള്ളംകയറി. കൊയ്യാറായ പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ നൂറുകണക്കിന്‌ കർഷകർ പ്രതിസന്ധിയിലായി. പള്ളത്തെ കൊച്ചുപള്ളം പാടത്താണ്‌ മടവീണത്‌. 62 ഏക്കറുള്ള പാടത്ത്‌ വിത്ത്‌ വിതയ്‌ക്കാനായി നിലം ഒരുക്കിയതാണ്‌. കനത്തമഴയിൽ മടവീണ്‌ പാടം വെള്ളം നിറഞ്ഞതോടെ വിത്ത്‌ വിതയ്‌ക്കാനാകാത്ത സാഹചര്യമാണ്‌. കുമരകംഭാഗത്ത്‌ കൊല്ലകരി, ഇടവട്ടം കുമ്പളന്തറ, പടിഞ്ഞാട്ട്‌കാവ്‌, എന്നീ പാടങ്ങളിലെ കൊയ്യാറായ നെല്ലും കാറ്റിലും മഴയിലും ചാഞ്ഞു. 105 ദിവസമായ നെല്ല്‌ ഇരുപത്‌ ദിവസത്തിനകം കൊയ്യാൻ തയ്യറായിരുന്നു. അതാണ്‌ വീണത്‌. രണ്ടാം കൃഷിയാണ്‌ ഈ പാടങ്ങളിൽ. മൂന്ന്‌ പാടത്തുമായി ഏകദേശം 450 ഏക്കറിൽ കൃഷിയുണ്ട്‌.  ചെങ്ങളം കേളക്കേരി, പൂതക്കാട്‌ പാടത്തും കൊയ്യാറായ നെല്ലുകൾ ചാഞ്ഞു. പള്ളം മാടപ്പള്ളികാട്ട്‌ 140, കീറ്റുപാടം 50 എക്കറിലെ കൊയ്യാറായ നെല്ലും ചാഞ്ഞു. നെല്ല്‌ ചാഞ്ഞാൽ അത്‌ ഉണങ്ങാതെ കൊയ്യാനാകില്ല. നിലവിലെ സാഹചര്യത്തിൽ മഴ തുടർന്നാൽ പാടത്തെ വെള്ളത്തിൽ കിടന്ന്‌ നെല്ല്‌ നശിക്കും. 15 ദിവസമെങ്കിലും ഉണക്ക്‌കിട്ടാതെ കൊയ്യാനാകില്ല. കൊയ്‌ത്ത്‌ മെഷീൻ താഴ്‌ന്നുപോകുന്നതിനാൽ ഇപ്പോൾ ഇറക്കാനും കഴിയില്ല. ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ കർഷകർക്ക്‌ ഉണ്ടായത്‌.  പലരും കടംവാങ്ങിയും പലിശയ്‌ക്ക്‌ പണമെടുത്തും സ്വർണാഭരണങ്ങൾ പണയംവച്ചുമാണ്‌ കൃഷിയിറക്കിയത്‌. ഞായർ രാവിലെമുതൽ അപ്പർ കുട്ടനാട്ടിലെ പ്രദേശങ്ങളിൽ ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതും കർഷകരെ ആശങ്കയിലാഴ്‌ത്തി. Read on deshabhimani.com

Related News