8 സ്‌കൂളുകളിൽ 
പുതുതായി എസ്‌പിസി



കോട്ടയം രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ കുട്ടികൾക്കുമുണ്ട്‌ സമ്മാനം. കുട്ടികളുടെ സാമൂഹ്യപുരോഗതി ലക്ഷ്യമിട്ട്‌ സംസ്ഥാനത്ത്‌ വൻ വിജയമായ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പദ്ധതി(എസ്‌പിസി) ജില്ലയിൽ പുതുതായി എട്ട്‌ സ്‌കൂളുകളിൽ കൂടി അനുവദിച്ചു. ഇതോടെ എസ്‌പിസി പ്രവർത്തിക്കുന്ന സ്‌കൂൾ എണ്ണം അറുപതാകും. 32 സ്‌കൂളുകൾ ഈ വർഷം എസ്‌പിസി യൂണിറ്റിന്‌ അപേക്ഷിച്ചതിൽ നിന്നാണ്‌ എട്ട്‌ എണ്ണം തെരഞ്ഞെടുക്കപ്പെട്ടത്‌.    ഓരോ സ്‌കൂളിലും 44 കുട്ടികൾ വീതമാണ്‌ എസ്‌പിസി  യൂണിറ്റ്‌. പുതുതായി 352 കുട്ടികൾക്ക്‌ അവസരം ലഭിക്കും.  എട്ടാംക്ലാസിൽ പ്രവേശനം നേടിയവരെയാണ്‌ ജൂനിയർ കേഡറ്റായി  തെരഞ്ഞെടുക്കുന്നത്‌. ഒമ്പതിലെത്തുമ്പോൾ സീനിയറാകും. സംസ്ഥാനത്താകെ പുതുതായി 164 സ്‌കൂളുകളിലാണ്‌ എസ്‌പിസി അനുവദിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളി പകൽ 3.30-ന്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. ജില്ലയിൽ എസ്‌പിസി അനുവദിച്ച സ്‌കൂളുകളിലും ഉദ്‌ഘാടന ചടങ്ങുണ്ട്‌. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.   സ്‌കൂളുകൾ തുറക്കാത്തതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ്‌ ഇപ്പോൾ എസ്‌പിസിയുടെയും പ്രവർത്തനം. വീട്ടിലിരിക്കുന്ന കേഡറ്റുകളുമായി ഓൺലൈനിലാണ്‌ ആശയവിനിമയം. പരേഡും ഫീൽഡ്‌ പ്രവർത്തനങ്ങളുമൊഴികെ എസ്‌പിസി വിഭാവനം ചെയ്യുന്നവയെല്ലാം ഓൺലൈനിൽ നൽകുകയാണ്‌. എസ്‌പിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക്‌ പേജ്‌, യൂട്യൂബ്‌ ചാനൽ, ഗൂഗിൾ മീറ്റ്‌ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളുമായി സംവദിക്കുന്നു. അതാത്‌ സ്‌കൂളുകൾക്കും സ്വന്തമായി ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളുണ്ട്‌. കേഡറ്റുകളുടെ രക്ഷിതാക്കളുമായും ആശയവിനിമയവും അവർക്കുള്ള ബോധവൽക്കരണ ക്ലാസുകളും സജീവമാണ്‌.  കഴിഞ്ഞ വർഷം സ്‌കൂളുകൾ തുറക്കാതായപ്പോഴാണ്‌ ഓൺലൈൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌.   ജില്ലയിൽ 20,000ൽപ്പരം കുട്ടികൾ ഇതുവരെ എസ്‌പിസിയുടെ ഭാഗമായി. സ്‌കൂൾ വിട്ടവരെ ഉൾപ്പെടുത്തി സ്‌റ്റുഡന്റ്‌സ്‌ വോളണ്ടറി കോർപ്‌സ്‌ എന്ന പദ്ധതിയും കഴിഞ്ഞ നവംബർ 14ന്‌ തുടങ്ങി. രക്തദാനം,  പഠനോപകരണ വിതരണം, സന്നദ്ധസേവനം എന്നിവ ഇവർ നിർവഹിക്കുന്നു. നാർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി എം എം ജോസ്‌ ആണ്‌ ജില്ലാ നോഡൽ ഓഫീസർ.  ജില്ലാ അസി. നോഡൽ ഓഫീസറായി ബി ജയകുമാറും പ്രവർത്തിക്കുന്നു.       എസ്‌പിസി പുതുതായി അനുവദിച്ച സ്‌കൂളുകൾ   കാഞ്ഞിരം എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌ മണർകാട്‌ ഇൻഫന്റ്‌ ജീസസ്‌ എച്ച്‌എസ്‌ എരുമേലി വാവർ മെമോറിയൽ എച്ച്‌എസ്‌ പൂഞ്ഞാർ സെന്റ്‌ ആന്റണീസ്‌ എച്ച്‌എസ്‌ വെട്ടിമുകൾ സെന്റ്‌പോൾസ്‌ എച്ച്‌എസ്‌ മലകുന്നം ഇത്തിത്താനം എച്ച്‌എസ്‌ കുറുമ്പനാടം സെന്റ്‌പീറ്റേഴ്‌സ്‌ എച്ച്‌എസ്‌ കരിക്കാട്ടൂർ സിസിഎം എച്ച്‌എസ്‌ Read on deshabhimani.com

Related News