ഏറ്റുമാനൂര്‍ ഐടിഐയില്‍ 7.62 കോടിയുടെ വികസന പദ്ധതിക്ക് തുടക്കം



 കോട്ടയം ആഗോള തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് യുവതലമുറയുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകി വരികയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഏറ്റുമാനൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.  സർക്കാർ വ്യവസായ പരിശീലന കേന്ദ്രങ്ങളിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് മികവും സാധ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്താർന്ന തൊഴിൽ ശേഷി വളർത്തിയെടുക്കാനാകും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 97 സർക്കാർ ഐടിഐകളെയും  ഉന്നതനിലവാരത്തിലേക്ക് എത്തിക്കും–-മന്ത്രി പറഞ്ഞു.    ഐടിഐ കോൺഫറൻസ് ഹാളിൽ നടന്ന  ചടങ്ങിൽ അഡ്വ. സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനായി. ശിലാഫലകം അദ്ദേഹം  അനാച്ഛാദനംചെയ്തു. കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ എം ആർ അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, അതിരമ്പുഴ  പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, വാർഡ് അംഗം ജിജി ജോയി എന്നിവർ പങ്കെടുത്തു. ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ വകുപ്പ് ഡയറക്ടർ എസ് ചന്ദ്രശേഖർ സ്വാഗതവും പ്രിൻസിപ്പൽ റെജി പോൾ നന്ദിയും പറഞ്ഞു.   കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുന്ന സംസ്ഥാനത്തെ പത്ത് ഐടിഐകളിൽ ഒന്നാണിത്. 7.62 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിനാണ് തുടക്കംകുറിച്ചത്. മൂന്നു നിലകളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹോസ്റ്റൽ, ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക വർക്ക് ഷോപ്പുകൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയാണ്  നിർമിക്കുക. ലോകബാങ്ക് പദ്ധതിയായ സ്ട്രൈവിൽ ഉൾപ്പെടുത്തി 2.25 കോടി  രൂപയുടെ വികസനപ്രവർത്തനങ്ങൾ ഐടിഐയിൽ നടക്കുന്നുണ്ട്‌. Read on deshabhimani.com

Related News